പേടിക്കണം, ആരും മൈൻഡ് ചെയ്യാതെ കിടന്നു വിഷം തുപ്പി കൊണ്ടിരുന്ന ഒരു മനുഷ്യൻ ഗവർണറായിരിക്കുന്നു!
ശനി, 26 മെയ് 2018 (15:30 IST)
ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചത് ഞെട്ടലോടെയാണ് കേരള രാഷ്ട്രീയം അറിഞ്ഞത്. കേന്ദ്ര നേത്രത്വം രഹസ്യമാക്കിയായിരുന്നു എല്ലാം പ്രവർത്തിച്ചത്. ഇപ്പോൾ, സോഷ്യൽ മീഡിയ വരവേറ്റത് ട്രോളുകൾ കൊണ്ടാണ്. എന്നാൽ സംഘ് പരിവാറും അതിതീവ്രഹൈന്ദവ വാദികളും ഇത്തരം ട്രോളുകളും പരിഹാസങ്ങളും വഴി നേരിടുന്ന സ്വീകാര്യതയെയും മറുവശത്ത് സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നു.
ഫേസ്‌ബുക്കിൽ ഷെയർ ചെയ്യപ്പെട്ട രണ്ട് പ്രതികരണങ്ങൾ :-
ശ്രീകാന്ത് പികെ എഴുതുന്നു :
കുമ്മനം ഗവർണറാകാൻ പോകുന്നു. മിസോറാം സംസ്ഥാനത്തിലേക്ക്. ചുറ്റും പതിവ് പോലെ സ്ഥിരം ട്രോളുകൾ തന്നെ. ഇനി എപ്പോഴാണാവോ നമ്മളീ തമാശ വിട്ട് കാര്യത്തിലേക്ക് കടക്കുക.
ഇന്ത്യാ മഹാരാജ്യത്ത് കേന്ദ്ര ഗവൺമെന്റിൽ രാഷ്ട്രപതിക്ക് സമാനമായ അധികാരങ്ങൾ സംസ്ഥാന തലത്തിൽ കൈയ്യാളുന്നതിന് ഇന്ത്യൻ ഭരണഘടന പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള പദവിയാണ് ഗവർണ്ണർ. വല്യ കാര്യമൊന്നില്ലാത്ത പദവിയാണെന്ന് കാര്യമില്ലാത്തവർ പറയും. കാര്യമുള്ളവർക്ക് അതൊരു വലിയ കാര്യമുള്ള പദവിയാണ്. രാജ്യത്തിന്റെ ഭരണ ഘടനയിലെ ഒരു സുപ്രധാന പദവി. ആർക്കാണ് കിട്ടിയിരിക്കുന്നത്? ഹിന്ദു ഐക്യ വേദി എന്ന തീവ്ര ഹിന്ദുത്വ മത സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന ഈ പോളിറ്റിക്കകത്ത് കാര്യമായി ആരും മൈന്റ് ചെയ്യാതെ കിടന്നു വിഷം തുപ്പി കൊണ്ടിരുന്ന ഒരു മനുഷ്യൻ. ഒന്നര വർഷം മുന്നേ ഒരു സുപ്രഭാതത്തിൽ ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനായി അവതരിച്ചത് മുതൽ ഇമേജ് മാറി. ലാഫിങ് റിയാക്ഷനുകളിലൂടെ വളർന്ന് വളർന്ന് ദാ സംസ്ഥാന ഗവർണർ പദവിലിലേക്ക്. ഇതിനിടക്ക് എയറിലേക്ക് തൊടുത്തു വിട്ട കള്ളങ്ങളും, കലാപ കാരണമായയേക്കാവുന്ന കപട വീഡിയോകളും വാർത്തകളും ഒന്നും എവിടെയും തൊടാതെ ലാഫിങ് റിയാക്ഷനുകളിലൂടെ കോമഡിയായി മാറി.
നാളെ ശശികലയോ ആർവി ബാബുവോ കേന്ദ്ര മന്ത്രിയായേക്കാം. നമ്മളപ്പോഴും ട്രോളുണ്ടാക്കി ലാഫിങ് റിയാക്ഷനുകൾ അടിച്ചു ചിരിക്കുന്ന തിരക്കിലാകും. പക്ഷേ ഫെയ്‌സ് ബുക്കിന് പുറത്തു ചിരിക്കുന്നത് സംഘ പരിവാർ ആണെന്ന് മാത്രം.
കേവലം ഒന്നര കൊല്ലം കൊണ്ടാണ് ഒരു വർഗീയ വാദിയെ കുളിപ്പിച്ചു വൃത്തിയാക്കി പോളിറ്റിയുടെ പൊതുബോധത്തിൽ സ്വീകാര്യനാക്കി മാറ്റിയത്. കാത്തിരുന്നു കണ്ടോളൂ കുമ്മന്നത്തിന് പകരം ആ കസേരയയിലേക്ക് കേറാൻ പോകുന്നത് ഒരു പക്ഷേ നമ്മുടെയൊന്നും ആലോചനയിൽ പോലുമില്ലാത്ത വിഷമായിരിക്കും.
മിസോറാം നിയമ സഭയിൽ പൂജ്യം സീറ്റാണ് ബിജെപിക്ക്. ട്രോളന്മാരുടെ വേട്ട മൃഗമായ കുമ്മനത്തെ ഇവിടെ തന്നെ തന്നിട്ട് പഴയ ഹിന്ദു ഐക്യ വേദി കുമ്മനത്തെയാകും അമിത് ഷാ കൊണ്ടു പോയിട്ടുണ്ടാകുക. കാത്തിരുന്നു കണ്ടോളൂ. കല്ല് കെട്ടുന്നത് 2025ലേക്കാണ്.
ജാനകി രാവണ്‍ എഴുതി :
കുമ്മനം രാജശേഖരനെ മിസോറാം ഗവർണ്ണർ ആയി പ്രഖ്യാപിച്ചതിനു പിന്നാലെ വമ്പൻ ട്രോളുകളും കളിയാക്കൽ പോസ്റ്റുകളും വന്നു തുടങ്ങിയിട്ടുണ്ട്. ഇപ്പോഴും ബി.ജെ.പി നിങ്ങൾക്ക് തമാശയാണ് എന്ന് കാണുമ്പോ നല്ല പേടി തോന്നുന്നുണ്ട്. ഒരു ഗവർണ്ണറുടെ അധികാരങ്ങളെ പറ്റി തീരെ ബോധ്യമില്ലാത്തവരല്ല ഈ ട്രോളുന്നവരൊന്നും. കർണ്ണാടകയിൽ കണ്ടതാണ് എങ്ങനെയൊക്കെ ഗവർണ്ണറുടെ പവർ ഉപയോഗിക്കപ്പെടാം എന്ന്. രാജ്യത്തിന് എങ്ങനെയാണോ രാഷ്‌ട്രപതി, ഏതാണ്ട് അതേ സ്ഥാനമാണ് ഒരു സംസ്ഥാനത്തിൽ ഗവർണ്ണർക്കുള്ളത് എന്നാണ് എന്റെ അറിവ്. അയാളുടെ വിവേചന അധികാരത്തിന്മേൽ എന്തെല്ലാം സംഭവിക്കാമെന്നും എന്തൊക്കെ നടത്താമെന്നും ബി.ജെ.പി പഠിപ്പിച്ചു തന്നിട്ട് അധികമായില്ല.
കുമ്മനം രാജശേഖരൻ ഇനി മുതൽ മിസോറാം ഗവർണ്ണറാണ്. അതിലൊരു തമാശയുടെ സ്കോപ്പ് ഞാൻ തീരെ കാണുന്നില്ല. ചിരിക്കാനും തോന്നുന്നില്ല. അപായം തന്നെയാണ്. കൃത്യമായി കളിക്കാനറിയുന്ന ചിലരുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗം തന്നെയാണത്.