ഷക്കീലയെ ചോദ്യം ചെയ്യാനുള്ള യോഗ്യത നിങ്ങൾക്കില്ല രഞ്ജിനി ചേച്ചി, നിങ്ങളുടെ കപടസവർണസദാചാരത്തിനിട്ട് ഇങ്ങനെ ഒരടിയെങ്കിലും തന്നില്ലെങ്കിൽ എനിക്ക് കിടക്കപ്പൊറുതി കിട്ടില്ല; വൈറൽ പോസ്റ്റ്

Webdunia
ശനി, 3 ഓഗസ്റ്റ് 2019 (16:23 IST)
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിൽ അതിഥിയായി എത്തിയ നടി ഷക്കീലയ്ക്ക് പൂർണ പിന്തുണയാണ് സോഷ്യൽ മീഡിയകളിൽ നിന്നും ലഭിക്കുന്നത്. പരിപാടിയിൽ എതിർവാദം ഉന്നയിക്കാനെത്തിയ മാധ്യമപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായ രഞ്ജിനി മേനോനെതിരെയാണ് സോഷ്യൽ മീഡിയ. 
 
രഞ്ജിനിക്കെതിരെ നിരവധി വിമർശനമാണ് ഉയരുന്നത്. ഇപ്പോൾ ചിത്ര കുസുമമാണ് രഞ്ജിനിക്കെതിരെ രംഗത്ത് വന്നത്. ഷക്കീലയെപ്പോലെ തൊഴിലെടുത്തു ജീവിക്കുന്ന അന്തസ്സുള്ള ഒരു സ്ത്രീയുടെ മുൻപിലിരുന്ന് ചോദ്യം ചെയ്യാൻ മാത്രമുള്ള യോഗ്യതയൊന്നും ഏതാണ്ട് കൊട്ടാരത്തിന്റെ അനന്തരാവകാശി ആണ് എന്ന് നാഴികക്ക് നാല്പതുവട്ടം കൂടെയുള്ളവരെ ഓർമിപ്പിക്കുന്ന നിങ്ങൾക്കില്ല രഞ്ജിനിച്ചേച്ചിയെന്ന് പറയുന്ന ചിത്ര, രഞ്ജിനിയിൽ നിന്നും തനിക്കുണ്ടായ അനുഭവവും പങ്കുവെയ്ക്കുന്നുണ്ട്. പോസ്റ്റിന്റെ പൂർണരൂപം:
 
രണ്ടു വർഷം മുൻപാണ് . അന്ന് ഗ്രീൻ വെയിൻ എന്ന ഓർഗനൈസേഷന്റെ കോർഡിനേറ്റർ ആണ് ഞാൻ . വയനാട്ടിലെ ഗ്രീൻ വെയിന്റെ കോർഡിനേറ്റർ രഞ്ജിനി മേനോനാണ് , ഷക്കീലയെ ഇന്റർവ്യൂ ചെയ്ത അതേ രഞ്ജിനി മേനോൻ . ഗ്രീൻ വെയിനും അവരുടെ കോഫി കൗണ്ടി എന്ന റിസോർട്ടും ചേർന്ന് ഒരു ആർട്ട് ക്യാമ്പ് വയനാട്ടിലെ പ്രശസ്തമായ ഫ്‌ളവർ ഷോയുടെ ഭാഗമായി നടത്താൻ തീരുമാനമായി . അതിന്റെ നടത്തിപ്പും ചുമതലയും എന്നെയേൽപ്പിച്ച് ഗ്രീൻ വെയിന്റെ ഫണ്ട് റേസിങ്ങിനായി ഗ്രീൻ വെയിൻ സ്ഥാപകൻ സംവിദാനന്ദും രഞ്ജിനി മേനോനും അവരുടെ മകളും കൂടെ ഗൾഫിൽ പോയി . രഞ്ജിനി മേനോന് അവിടെ നിറയെ സ്വാധീനം ഉണ്ടെന്നും അതുകൊണ്ട് ഗ്രീൻ വെയിന് വലിയ വിസിബിലിറ്റി കിട്ടും എന്നും പറഞ്ഞാണ് അവരെ കൊണ്ടുപോയത് . നടന്നത് അമ്മയും മകളും അവരുടെ സുഹൃത്തുക്കളുടെ ചെലവിൽ ഷോപ്പിംഗ് നടത്തി ഫ്രീയായി പോയി വന്നു എന്നതാണ് , അതവിടെ നിൽക്കട്ടെ . എന്റെ വിഷയം അതല്ല . ആ പോയ സമയത്താണ് രണ്ടുദിവസത്തെ ആർട്ട് ക്യാമ്പ് നടത്തേണ്ടത് , അത് തീരുന്ന ദിവസം അവർ തിരികെ എത്തും . ഞാനും ഗ്രീൻ വെയിന്റെ കോർഡിനേറ്റർ ആയ ഐറിഷും കൂടെ വയനാട് എത്തി . ആർട്ടിസ്റ്റുമാർ എന്റെ സുഹൃത്തുക്കളാണ് , ആകെ ഏഴു പേർ .ഈ ക്യാമ്പും ഗ്രീൻ വെയിന്റെയും രഞ്ജിനി മേനോന്റെ സ്ഥാപനത്തിന്റെയും ഫണ്ട് റേസിങ്ങിനു വേണ്ടി നടത്തുന്നതാണ് എന്നാണ് പറഞ്ഞിരുന്നത് . അന്നത്തെ എന്റെ ആത്മാർഥത വെച്ചിട്ട് പട്ടിയെപ്പോലെ പണിയെടുത്തു . എന്റെ സുഹൃത്തുക്കളും അക്കാദമി അവാർഡ് ജേതാക്കളും ആയ ആർട്ടിസ്റ്റ്മാരോട് എറണാകുളത്തു നിന്ന് വരുമ്പോൾ ക്യാൻവാസും കളറും ബ്രഷും വാങ്ങിപ്പോരാമോ , തിരികെ ചെന്നിട്ട് പണം കൊടുക്കാം എന്നുപറഞ്ഞു . അവരുടെ പരിചയമുള്ള സ്ഥാപനത്തിൽ നിന്ന് അതൊക്കെ വാങ്ങി ചുമന്നാണ് അവർ അവിടെ എത്തിയത് . ക്യാമ്പ് നന്നായി നടന്നു . രണ്ടു ചിത്രങ്ങൾ വച്ച് എല്ലാ ചിത്രകാരന്മാരും വരച്ചു . തീരുന്ന സമയത്തിന് തൊട്ടുമുൻപ് രഞ്ജിനി മേനോനും സംവിദാനന്ദും തിരികെയെത്തി . പതിനായിരം രൂപ വെച്ചിട്ടാണ് ഓരോ ചിത്രകാരന്മാരുടെയും പേരിൽ സർക്കാരിന് ബിൽ ചെയ്തിട്ടുള്ളത് , അതിൽ ആറായിരം ഒരാൾക്ക് കൊടുക്കും ,ബാക്കി നാലായിരം രണ്ടു സ്ഥാപനങ്ങളും കൂടെ എടുക്കും എന്നൊക്കെ എന്നോട് പറഞ്ഞു . അതുപോലെ ഓരോ കണക്കുകളും . ആകെ മൊത്തം 80000 രൂപയോളം വെറും രണ്ടു ദിവസത്തെ ആ ക്യാമ്പ് കൊണ്ട് അവർക്ക് ലാഭമുണ്ടായി എന്ന് ഓർമയുണ്ട് , അതിൽ നിന്ന് ഒറ്റ പൈസ ഗ്രീൻ വെയിന് തന്നില്ല എന്ന് സംവിദാനന്ദ് പറഞ്ഞിട്ടുമുണ്ട് , എന്തേലും കാണിക്കട്ടെ . എന്റെ വിഷയം അതുമല്ല .
 
പോരും മുൻപ് ആർട്ട് മെറ്റീരിയൽസ് വാങ്ങിയ പണം വേണമല്ലോ , അത് ചോദിച്ചു .ബില്ല് ഇല്ലാതെ എങ്ങനെ കാശ് തരും ചിത്തിര , ഇത് സർക്കാരിന് കൊടുക്കണ്ടേ എന്നായി രഞ്ജിനി മേനോൻ . ഒടുക്കം വാട്സാപ്പിൽ ബില്ല് അയച്ചുതന്നത് പ്രിന്റ് എടുത്തു കൊടുത്തു . അപ്പൊ ഒറിജിനൽ ബില്ല് വേണമെന്ന് പറഞ്ഞു . എന്നാൽ എറണാകുളം ചെന്നിട്ട് ബില്ല് വാങ്ങി ഞാൻ കൊറിയർ ചെയ്യാം , എത്രയും വേഗം പൈസ അക്കൗണ്ടിൽ ഇടണേ എന്നുപറഞ്ഞപ്പോൾ , നിങ്ങൾക്ക് കോർഡിനേറ്റർ ഫീസ് കൂടെ തരണ്ടേ , എത്ര പണിയെടുത്തു എന്ന് ദീർഘനിശ്വാസത്തോടെ പറഞ്ഞത് എനിക്കിപ്പോഴും ഓർമയുണ്ട് . ഇവിടെ വന്ന് ബില്ല് അയച്ചുകൊടുത്തിട്ട് അതവിടെ കിട്ടി എന്ന് ട്രാക്കിങ് നമ്പർ വെച്ച് ബോധ്യപ്പെട്ട അന്നേരം വിളിച്ചുതുടങ്ങിയതാണ് അവരെയും ഭർത്താവിനെയും മാറി മാറി . ഫോൺ എടുക്കില്ല . വാട്സാപ്പ് മെസേജുകൾ കാണുന്നുണ്ട് , മറുപടി ഇല്ല . ഇക്കാര്യം സംവിദാനന്ദിനോട് പറഞ്ഞപ്പോൾ അതിന് എനിക്കെന്താ ചെയ്യാൻ പറ്റുക നിങ്ങൾ തമ്മിൽ പറഞ്ഞതല്ലേ എന്റെ കയ്യിൽ നിനക്ക് തരാൻ ഇപ്പൊ കാശ് ഒന്നുമില്ല എന്നുപറഞ്ഞു , ഞാൻ വിളിച്ചിട്ടും രഞ്ജിനി ഫോൺ എടുക്കുന്നില്ല എന്നുകൂടെ പറഞ്ഞു . അങ്ങനെ ആർട്ട് മെറ്റീരിയൽ വാങ്ങിയ കാശ് എന്റെ ബാധ്യതയായി , എന്റെ കൂട്ടുകാരാണല്ലോ അത് വാങ്ങിക്കൊണ്ടു വന്നത് . കഴുത്തിൽ കിടന്ന മാല വിറ്റ് ആ കാശ് ഞാനങ്ങു കൊടുത്തു . അതിനു ശേഷം ഒടുക്കം അവരെ അൺഫ്രണ്ട് ചെയ്യും മുൻപ് അയച്ച മെസേജ് ആണ് ഇത് . ആ കാശ് എനിക്ക് വേണ്ടിയിട്ടൊ അവരെയങ്ങ് താറടിച്ചു കാണിച്ച് വലിയ ആളാവാനോ അല്ല ഇപ്പൊ ഇത് ഇവിടെയിടുന്നത് .
 
ഷക്കീലയെപ്പോലെ തൊഴിലെടുത്തു ജീവിക്കുന്ന അന്തസ്സുള്ള ഒരു സ്ത്രീയുടെ മുൻപിലിരുന്ന് ചോദ്യം ചെയ്യാൻ മാത്രമുള്ള യോഗ്യതയൊന്നും ഏതാണ്ട് കൊട്ടാരത്തിന്റെ അനന്തരാവകാശി ആണ് എന്ന് നാഴികക്ക് നാല്പതുവട്ടം കൂടെയുള്ളവരെ ഓർമിപ്പിക്കുന്ന നിങ്ങൾക്കില്ല രഞ്ജിനിച്ചേച്ചി. മാർക്കറ്റിൽ മീൻ വിൽക്കുന്നവരും ചുമടെടുക്കുന്നവരും ഓട്ടോറിക്ഷ ഓടിക്കുന്നവരും ഒക്കെയായി ഒരുപാട് കട്ടപ്പണിയെടുത്തു ജീവിക്കുന്ന പെണ്ണുങ്ങളുള്ള നാടാണ് ഇത് , നിങ്ങൾക്കത് മനസ്സിലാവാൻ ഇത്തിരി പുളിക്കും . ഷക്കീലയെ ഇന്റർവ്യൂ ചെയ്യാനാണ് എന്നുംപറഞ്ഞു വീട്ടിൽ നിന്നിറങ്ങിയപ്പോ വീട്ടിലെ പുരുഷന്മാർ വല്ലാത്തൊരു ചിരി ചിരിച്ചെന്നു പറഞ്ഞല്ലോ , നിങ്ങളെപ്പോലെ ആളെപ്പറ്റിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ മാത്രം പരിചയമുള്ളതു കൊണ്ടാണ് അവരങ്ങനെ ചിരിച്ചത് . ഷക്കീലയോടൊക്കെ ഞങ്ങൾക്ക് ബഹുമാനമാണ് , ഇവിടെക്കാണുന്ന ഈ വമ്പന്മാരൊക്കെ ഇത്രയേ ഉള്ളൂ എന്ന് ഇവിടത്തെ പെണ്ണുങ്ങൾക്ക് പകല് പോലെ മനസിലാക്കിത്തന്നത് അവരൊക്കെയാണ് . മലയാളികളുടെ മൊത്തം പ്രതിനിധിയാവാൻ ഇറങ്ങിത്തിരിച്ച് അത്രയും സംസ്കാരത്തോടെ സംസാരിച്ച അവരുടെ മുൻപിൽ ചൂളിക്കൂടിയ നിങ്ങളുടെ കപടസവർണസദാചാരത്തിനിട്ട് ഇങ്ങനെ ഒരടിയെങ്കിലും തന്നില്ലെങ്കിൽ എനിക്ക് കിടക്കപ്പൊറുതി കിട്ടില്ല , അതുകൊണ്ട് എഴുതിയതാണ് . ശരി .

അനുബന്ധ വാര്‍ത്തകള്‍

Next Article