'പാണ്ടി തമിഴ്നാട്ടിലേക്ക് ചെല്ല്, ഇവിടുത്തെ കാര്യം ഞങ്ങൾ നോക്കിക്കോളാം’ - വിജയ് സേതുപതിയുടെ പടങ്ങൾ ബഹിഷ്കരിക്കണമെന്ന് സംഘപരിവാർ

Webdunia
തിങ്കള്‍, 4 ഫെബ്രുവരി 2019 (12:32 IST)
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് ശരിയെന്ന് വ്യക്തമാക്കിയതോടെ നടൻ വിജയ് സേതുപതിക്കെതിരെ സൈബർ ആക്രമണം തുടങ്ങിയിരിക്കുകയാണ്. വിജയ് സേതുപതിയുടെ സിനിമകൾ കേരളത്തിലുള്ളവർ ബഹിഷ്കരിക്കണമെന്നാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നത്. 
 
അതേസമയം നടന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഒട്ടനവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. താരത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഈ വിഷയത്തെ സംബന്ധിച്ചുള്ള കമന്റുകളുടെ പ്രവാഹമാണ്. താനാരാണ് ശബരിമല വിഷയത്തില്‍ അഭിപ്രായം പറയാനെന്നാണ് പല കമന്റുകളും ചോദിക്കുന്നത്. പാണ്ടി തമിഴ്‌നാട്ടുകാരുടെ പ്രശ്നം മാത്രം നോക്കിയാൽ മതിയെന്നും ചിലർ പറയുന്നു. അതേസമയം ഒരു വിഭാഗം സേതുപതിയുടെ നിലപാടിന് കയ്യടിച്ചും രംഗത്തെത്തിയിട്ടുണ്ട്.
 
‘പിണറായി വിജയൻ വളരെ കൂളാണ്. ഏതു പ്രശ്‌നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാനറിയാം. തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റ് അടിച്ചപ്പോള്‍ മുഖ്യമന്ത്രി 10 കോടി രൂപയാണ് തമിഴ്‌നാടിന് താങ്ങാകാന്‍ നല്‍കിയത്. ആ നന്ദി എപ്പോഴുമുണ്ടെന്നും പറഞ്ഞ സേതുപതി ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെ, ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി.‘- എന്നായിരുന്നു. ഇതാണ് ചിലരെ പ്രകോപിപ്പിച്ചിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article