കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്‌കരണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനാല്‍ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോം മത്സരങ്ങൾ മറ്റൊരു വേദിയിലേക്ക് മാറ്റി.
ചെന്നൈയുടെ ശേഷിക്കുന്ന ആറ് മത്സരങ്ങള്‍ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കില്ലെന്ന് വ്യക്തമായതോടെ തിരുവനന്തപുരത്തേയ്ക്ക് ഐപിഎല്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. ഇന്ന് വൈകിട്ടോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
ചെപ്പോക്കിന് പകരം വേദി എവിടെയായിരിക്കും എന്ന കാര്യത്തില്‍ അധികൃതരില്‍ നിന്നും അറിയിപ്പൊന്നും വന്നിട്ടില്ല. ഐപിഎല്‍ അധികൃതര്‍ക്ക് താല്‍പ്പര്യം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ്.
ഐപിഎല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തയ്യാറാണെന്ന് കേരള സര്‍ക്കാരും കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) നേരത്തെ വ്യക്തമാക്കിയിരുന്നു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാക്കാന്‍ സമ്മതമാണെന്ന് ബിസിസിഐയെ അറിയിച്ചതായി കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
വിവിധ തമിഴ് സംഘടനകളും രാഷ്ട്രീയ പാർട്ടികളും ചെന്നൈയിൽ ഐപിഎൽ നടത്തുന്നതിന് എതിരാണ്. ചെന്നൈ താരം രവീന്ദ്ര ജഡേജയ്‌ക്ക് നേരെ ഷൂവേറ് ഉണ്ടായി. ഇതിനെ തുടര്‍ന്ന് നാല് ‘നാം തമിളര്‍ കക്ഷി’ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തു.
ശക്തമായ പ്രതിഷേധമാണ് ചെന്നൈ - കൊല്‍ക്കത്ത മത്സരത്തിനിടെ സ്‌റ്റേഡിയത്തിന് പുറത്ത് നടന്നത്. സ്റ്റേഡിയത്തിനുള്ളിലും പരിസരത്തുമായി നാലായിരത്തോളം പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു.