കുഞ്ഞുങ്ങളില്ലാത്തെ ദമ്പതികൾ കുട്ടികളെ ദത്തെടുത്ത് വളർത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മനുഷ്യനല്ലാതെ മറ്റു ജീവജാലങ്ങൾ കുഞ്ഞുങ്ങളെ ദത്തെടുത്തുവളർത്തുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടൊ ? അപൂർവങ്ങളിൽ അപൂർവമായി മാത്രമേ ഇത് സംഭവിക്കാറുള്ളു. അത്തരം ഒരു അപൂർവ സംഭവത്തെ അത്ഭുതത്തോടെ നോക്കിക്കാണുകയാണ് ഗവേഷകർ.
ബോട്ടിൻ നോസ് ഇനത്തിൽപ്പെട്ട ഡോൾഫിൻ അമ്മയാണ് മെലൻ ഹെഡഡ് വെയിൽ ഇനത്തിൽപ്പെട്ട തിമിംഗല കുഞ്ഞിനെ പരിപാലിച്ച് വളർത്തുന്നത്. തന്റെ കുഞ്ഞിനോടൊപ്പം അതേ പരിപാലനം നൽകിയാണ് അമ്മഡോൾഫിൻ തിമിംഗല കുഞ്ഞിനെയും വളർത്തുന്നത്. ഫ്രഞ്ച് പൊളിനേഷ്യയിലാണ് സംഭവം.
മൂന്ന് വർഷത്തെ നീണ്ട ഗവേഷണങ്ങൾക്ക് ശേഷമാണ് ഡോൾഫിൻ തിമിംഗല കുഞ്ഞിനെ എടുത്ത് വളർത്തുകയാണ് എന്ന കാര്യം ഗവേഷകർർ ഉറപ്പിച്ചത്. ബോട്ടിൻ നോസ് ഇനത്തിൽപ്പെട്ട ഡോൾഫിനുകൾ കുഞ്ഞുങ്ങളെ അതീവ ശ്രദ്ധയോടെ പരിപാലിക്കുന്നവയാണ്. എങ്കിൽ മാത്രമേ കുഞ്ഞുങ്ങൾക്ക് കടലിൽ അതിജീവിക്കാൻ സാധിക്കു. ഇതേ കരുതൽ തന്നെ അമ്മഡോൾഫിൻ തമിംഗല കുഞ്ഞിനും നൽകുന്നു.
പ്രസവം കഴിഞ്ഞ് ആറു വർഷമാണ് ഡോൾഫിൻ കുഞ്ഞുങ്ങളെ അമ്മ പരിപാലിക്കുക. മൂന്നു വർഷമായി സ്വന്തം കുഞ്ഞും തിമിംഗല കുഞ്ഞും അമ്മക്കൊപ്പം തന്നെയുണ്ട്. ഇരു കുഞ്ഞുങ്ങൾ ഏകദേശം ഒരേ പ്രായം തന്നെയാണ്. ഇനിയും രണ്ട് വർഷം കൂടി അമ്മഡോൾഫിൻ കുഞ്ഞുങ്ങളെ പരിപാലിക്കും എന്നാണ് ഗവേഷകർ കരുതുന്നത്. തിമിംഗല കുഞ്ഞ് സ്വയം പിരിഞ്ഞു പോകാനും സാധ്യതയുണ്ട് എന്നും ഗവേഷകർ പറയുന്നു.