വ്യക്തി വൈരാഗ്യമോ പകയോ ഉണ്ടായിരുന്നോ ?; ബാലഭാസ്‌കറിന്റെ ഭാര്യയില്‍ നിന്നും മൊഴിയെടുത്തു

Webdunia
ചൊവ്വ, 4 ജൂണ്‍ 2019 (14:36 IST)
വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് സംഘം ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തു. അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുനാണ്. ബാലു പിറകിലെ സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. അപകടം നടന്നപ്പോള്‍ തന്നെ ബോധം നഷ്‌ടമായിരുന്നെന്നും ലക്ഷ്മി പറഞ്ഞു.

ബാലഭാസ്‌കറിന് ആരുമായും വ്യക്തി വൈരാഗ്യമോ പകയോ ഉണ്ടായിരുന്നതായി അറിയില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ പ്രകാശ് തമ്പി ബാല‌ഭാസ്‌കറിന്റെ സ്‌റ്റാഫല്ല. പ്രോഗ്രാമുകള്‍ സംഘടിപ്പിച്ച് നല്‍കുക മാത്രമാണ് അദ്ദേഹം ചെയ്‌തിരുന്നത്. അതിന് പ്രതിഫലം നല്‍കുകയും ചെയ്‌തിരുന്നു.

അത്യാവശ്യം ധരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളു. പണമോ, ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. അര്‍ജ്ജുന്‍റെ അമ്മായി ലതയുടെ കുടുംബവുമായി ബാലഭാസ്കറിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. അവരുടെ ബിസിനസ്സ് ആവശ്യത്തിന് പണം നല്‍കിയിരുന്നു. അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. അത് രണ്ടു തവണയായി തിരിച്ചു കിട്ടിയെന്നും ലക്ഷ്മി മൊഴി നൽകി.

ദുരൂഹത നീക്കാന്‍ ഏതന്വേഷണവും ആകാമെന്നും തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തോടെ അവര്‍ പറഞ്ഞു. ലോക്കല്‍ പൊലീസിനും ഇതേ മൊഴി തന്നെയാണ് ലക്ഷ്മി നല്‍കിയത്.
ബാലഭാസ്‌കറിന്റെ പിതാവ് കെസി ഉണ്ണിയുടെ മൊഴി ക്രൈംബ്രാഞ്ച്  രേഖപ്പെടുത്തിയിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി. ഡിവൈഎസ്പി ഹരികൃഷ്ണനാണ് അന്വേഷണ ചുമതല.

അനുബന്ധ വാര്‍ത്തകള്‍

Next Article