കുട്ടികള്‍ക്ക് വിശന്നു കഴിഞ്ഞാല്‍ കരയുകയോ വാശിപിടിക്കുകയോ ചെയ്യുന്നത് പതിവാണ്. അവരെ സമാധാനിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണുതാനും. എന്നാല്‍ മൂന്നുവയസ്സുകാരി മില ആന്‍ഡേഴ്‌സണ്‍ അങ്ങനെയല്ല. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്ന ഒരു ചെറു വിഡീയോയിലെ താരം മിലയാണ്. ക്രൊയേഷ്യയില്‍ അവധി ആഘോഷിക്കാനെത്തിയതാണ് മിലയുടെ കുടുംബം.
മാതാപിതാക്കളായ ബെന്‍, സോഫി എന്നിവര്‍ക്കൊപ്പമാണ് മിലയെത്തിയത്. പുറത്ത് കറങ്ങാനിറങ്ങിയ ബെന്നും സോഫിയും മിലയ്ക്കുള്ള പാല്‍ എടുക്കാന്‍ മറന്നു. സ്വിമ്മിംഗ്പൂളില്‍ ഇറങ്ങുന്നതിനിടെ മിലക്ക് വിശന്നു. പാല്‍ ഇല്ലെന്ന് മനസ്സിലായതോടെ മില പൂളില്‍ നിന്ന് കയറി. പൂളിനടുത്തുള്ള ബാറില്‍ കയറി, ഒരു കുപ്പിയില്‍ പാല്‍ വേണമെന്ന് പറഞ്ഞു. ഇവിടെ പാല്‍ ഇല്ലെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞതോടെ ഒരു ഗ്ലാസ് പാല്‍ ആണെങ്കിലും മതിയെന്നായി മില.
ബാറില്‍ കയറി പാല്‍ വാങ്ങാന്‍ ഇരുന്ന മകളുടെ വിഡിയോ പിതാവ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ”ബാഗില്‍ പാല്‍ ഇല്ലെന്ന് പറഞ്ഞതോടെ പാല്‍ വാങ്ങാന്‍ വന്നതാണ് മകള്‍. പാല്‍ ചോദിച്ചത് ബാറില്‍ കയറിയാണെന്ന് മാത്രം. ഏതായാലും ബാര്‍ ജീവനക്കാര്‍ അവള്‍ക്കൊരു ഗ്ലാസ് പാല്‍ നല്‍കി” ബെന്‍ കുറിച്ചു. മൂന്നുവയസ്സുകാരിയുടെ ആത്മവിശ്വാസത്തെ പ്രശംസിച്ച് നിരവധി പേര്‍ ട്വിറ്ററില്‍ ഈ വിഡിയോ പങ്കുവെക്കുന്നുണ്ട്.