ചുറ്റുവട്ടത്തെ കാഴ്ചകളെ ആവിഷ്‌കരിക്കാനുള്ള ഉല്‍ക്കടമായ അഭിനിവേശം അടക്കാന്‍ കഴിയാതെ വന്നപ്പോള്‍, ഞാന്‍ എഴുത്തുകാരനായി എന്നു വിശദീകരിക്കുന്ന ആനന്ദ് ശില്‍പിയായി ബിനാലെ ആസ്വാദകരുടെ മുന്നിലെത്തുന്നു. കാലത്തിനു മുന്‍പേ പറന്ന ആ ഭാവനാതീഷ്ണത ഒട്ടേറെ രചനകളിലൂടെ അടുത്തറിഞ്ഞിട്ടുള്ള മലയാളികള്‍ക്ക് പുതിയൊരു സര്‍ഗവൈഭവവുമായി അദ്ദേഹത്തെ കൊച്ചി-മുസിരിസ് ബിനാലെയില്‍ കാണാം.
ആദ്യനോവലായ ആള്‍ക്കൂട്ടത്തിനായി പേനയെടുത്ത കാലം മുതല്‍ക്കേ മനസ്സില്‍ തുടിച്ച ശില്‍പ്പിയെയും ആനന്ദ് തിരിച്ചറിഞ്ഞിരുന്നു. ശില്പകലയും എഴുത്തും തമ്മിലുള്ള രസതന്ത്രം അന്നേ തന്നില്‍ സംഭവിച്ചിരുന്നതായും ആനന്ദ് ഓര്‍മിക്കുന്നു. ശില്പിയുടെ മനോവ്യാപാരങ്ങള്‍ മൂര്‍ത്തരൂപം സ്വീകരിച്ച് കൊച്ചി-മുസിരിസ് ബിനാലെയുടെ വേദിയില്‍ കാഴ്ചകളാവുകയാണ്. ആനന്ദിലെ ശില്പിയെ കാലം അനാവരണം ചെയ്തിരിക്കുന്നു.
'ഭൂപടം നിര്‍മ്മിക്കുന്നവരും തകര്‍ക്കുന്നവരും,-ഭൂപടങ്ങളുടെ കൂടെ സ്ഥലത്തു നിന്ന് സമയത്തിലേക്ക്' എന്ന ശീര്‍ഷകത്തില്‍ ആനന്ദിന്റെ ലഘുശില്പ സൃഷ്ടികള്‍ കൊച്ചി- മുസിരിസ് ബിനാലെ 2016ല്‍ വേദികളില്‍ ആസ്വാദനത്തിന്റെ പുതിയ അനുഭവങ്ങള്‍ ഉണ്ടാക്കുന്നു. ഒപ്പം, കാലങ്ങളായി ആനന്ദിലുള്ള എഴുത്തുകാരനെയും ശില്പിയെയും സമന്വയിപ്പിക്കുന്നു.
കാഴ്ചകള്‍ നിറച്ച ആകുലതകളാണ് എഴുത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ഇപ്പോള്‍ ഏറ്റവും വിനീതമായ ചെറു ശില്പ നിര്‍മിതികളിലും വേദനകളാണ് പ്രമേയമെന്നും ആനന്ദ് പറയുന്നു. കലാരൂപങ്ങള്‍ക്കു തമ്മില്‍ ആരോ നിര്‍ണയിച്ചിരിക്കുന്ന അതിര്‍ത്തികളെ വകവയ്ക്കാനും ആനന്ദ് തയാറല്ല. അര്‍ത്ഥവത്തായ എല്ലാ പ്രവൃത്തികളും കല തന്നെയാണ്. ഏതു കലാരൂപവും ആവിഷ്‌കാരത്തിനുള്ള മാധ്യമമാണെന്ന് ആനന്ദ് വ്യക്തമാക്കുന്നു.
തന്റെ ലഘുശില്പങ്ങള്‍ മഹത്തരമെന്ന് കരുതുന്നില്ല. വിഭിന്ന കലാവ്യാപാരങ്ങള്‍ വ്യത്യസ്തമാകാം. പക്ഷേ, വിശാലതലത്തില്‍ അവ പരസ്പര ബന്ധിതമാണെന്നും ആനന്ദ് പറഞ്ഞു. ബിനാലെയിലെ ആവിഷ്‌കാരത്തിലെ ബഹുസ്വരതകളുണ്ടെങ്കിലും കലയുടെ തനതു കാഴ്ചകള്‍, ശൈലികള്‍, പൈതൃകങ്ങള്‍, രീതികള്‍ എന്നിവയെല്ലാം ആനന്ദിനെ സംബന്ധിച്ച് പ്രസക്തമാണ്. ബിനാലെകളുടെ പ്രാധാന്യം വര്‍ദ്ധിച്ചു വരികയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള വേദികള്‍ സൃഷ്‌ടിക്കുകയും നിലനിര്‍ത്തുകയും വേണമെന്നും ആനന്ദ് ചൂണ്ടിക്കാട്ടുന്നു.