പുതിയ വസ്തുതകള്‍ക്ക് സൃഷ്‌ടികളെ അനിശ്ചിതത്വത്തിലാക്കാനാവും: അമര്‍ കണ്‍വര്‍

വ്യാഴം, 15 ഡിസം‌ബര്‍ 2016 (13:57 IST)
സര്‍ഗ്ഗാത്മകമായ ഏതൊരു സൃഷ്ടിയും അനിശ്ചിതത്വത്തിന്റെ നിഴലിലാണെന്ന് ചലച്ചിത്രകാരനും ചിന്തകനുമായ അമര്‍ കണ്‍വര്‍ അഭിപ്രായപ്പെട്ടു. വൈരുദ്ധ്യങ്ങളില്‍ ഊന്നിയാണ് ഓരോ രചനയും. വര്‍ഷങ്ങളെടുത്ത് ചെയ്യുന്ന സൃഷ്ടികള്‍ തകിടം മറിയാന്‍ അറിയപ്പെടാത്ത വസ്തുതകളുടെ രംഗപ്രവേശം മതിയെന്നും അദ്ദേഹം പറഞ്ഞു.
 
കൊച്ചി ബിനാലെ മൂന്നാം ലക്കത്തോടനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡില്‍ നടന്ന ലെറ്റ്‌സ് ടോക്ക് സംഭാഷണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രചനയുടെ ഘട്ടങ്ങളില്‍ ആദ്യം നേടിയ ഉള്‍ക്കാഴ്ചകളെ തകിടം മറിക്കുന്ന വസ്തുതകളാകും പിന്നീട് അഭിമുഖീകരിക്കേണ്ടി വരിക. പുതിയവയെ സ്വീകരിക്കുകയും പഴയതിനെ തിരസ്‌കരിക്കാതെയുമാണ് പിന്നീട് സൃഷ്ടികള്‍ നടത്തേണ്ടത്. അതിനുവേണ്ട ഗഹനമായ അറിവ് നേടാന്‍ ഉള്‍ക്കാഴ്ചയിലൂന്നിയ ഗവേഷണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
തന്റെ സിനിമകളും പുസ്തകങ്ങളുമെല്ലാം അനിശ്ചിതത്വം നിറഞ്ഞതാണെന്ന് അമര്‍ കണ്‍വര്‍ പറഞ്ഞു. ഏതെങ്കിലുമൊരു സൃഷ്ടിയില്‍ പുതിയ കണ്ടെത്തല്‍ ഉയര്‍ന്നു വന്നു കഴിഞ്ഞാല്‍ അത് മാറ്റുന്നതാണ് ശരിയായ രീതി.
 
ഒരു കുറ്റകൃത്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാലും അതിന്റെ സാമൂഹ്യവശം ആരും കാണാതെ പോവുകയാണ്. സീന്‍ ഓഫ് ക്രൈംസ് എന്ന ചിത്രത്തിലൂടെ താന്‍ പറയാനുദ്ദേശിച്ചതും അതാണെന്ന് അദ്ദേഹം പറഞ്ഞു.
 
വിദേശികളും സ്വദേശികളുമായ നിരവധി ശ്രോതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ നിരവധി ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം നല്‍കി.

വെബ്ദുനിയ വായിക്കുക