ഗ്യാസ് സിലിണ്ടറിൽ ചോരുന്നതായി സംശയമോ ? ഇതാ അത് പരിശോധിക്കാനും സുരക്ഷ ശക്തമാക്കാനും ചില മാര്‍ഗങ്ങള്‍ !

Webdunia
വ്യാഴം, 4 മെയ് 2017 (12:08 IST)
പാചകവാതക സിലിന്‍ഡര്‍ ചോര്‍ച്ച ഒരു നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഗ്യാസ് സ്റ്റൗവിന്റെ അപാകത, ഉപഭോക്താക്കളുടെ അശ്രദ്ധ, റെഗുലേറ്റര്‍, ഹോസ് തുടങ്ങിയവയുടെ കാലപ്പഴക്കം, സിലിന്‍ഡര്‍ നോബ്, വാഷര്‍ എന്നിവയിലുണ്ടാകുന്ന തകരാര്‍ എന്നിവയാണ് അപകടത്തിന് കാര്‍ണമാകുന്നത്. ചില മുന്‍കരുതല്‍ എടുത്താല്‍ മാത്രമേ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയൂ‍ എന്നാള്‍ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. 
 
സിലിന്‍ഡര്‍ പരിശോധിച്ച തീയതിയും എന്നുവരെ ഉപയോഗിക്കാമെന്നുള്ള വിവരങ്ങളും അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതു പരിശോധിച്ചശേഷമായിരിക്കണം സിലിന്‍ഡര്‍ ഉപയോഗിക്കാന്‍. ഓരോ തവണ റീഫില്‍ ചെയ്യുന്ന സമയത്തും നോബിനുള്ളിലെ വാഷര്‍ മാറ്റേണ്ടത് ആവശ്യമാണ്. ഈ റബ്ബര്‍വാഷര്‍ കൃത്യമായി ഉറപ്പിച്ചില്ലെങ്കില്‍ ഗ്യാസ് ചോരാന്‍ സാധ്യതയുണ്ട്. റബ്ബര്‍വാഷറിന്റെ ഇടയില്‍ ചെറിയ മണല്‍തരിയോ, തുരുമ്പോ ഉണ്ടായാലും ഗ്യാസ് ലീക്കാകും. റെഗുലേറ്റര്‍ ഘടിപ്പിക്കുമ്പോള്‍ ഇക്കാര്യം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
 
റെഗുലേറ്റര്‍ ഘടിപ്പിച്ചതില്‍ പാളിച്ചയുണ്ടാകുമ്പോളാണ് സാധാരണയായി ഗ്യാസ് ചോരുക. ഈ പ്രശ്നം പരിഹരിക്കാതെ വീണ്ടും ഉപയോഗിക്കുന്നത് അപകടത്തിടയാക്കും. റെഗുലേറ്ററിന്റെ നോബിലുള്ള തകരാറും ഗ്യാസ് ചോരാന്‍ കാരണമാകും. റെഗുലേറ്റര്‍ ഓഫ് ചെയ്ത് വെക്കുന്ന സമയത്തും സ്റ്റൗവില്‍ ഗ്യാസ് എത്തുകയാണെങ്കില്‍ തകരാര്‍ ഉണ്ടെന്ന് ഉറപ്പിക്കാവുന്നതാണ്. വാതകത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞാല്‍ തീ കൊളുത്താന്‍ പാടില്ല. സ്വിച്ചുകളും ഓണാക്കാനോ വൈദ്യുത ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാനോ ശ്രമിക്കുകയുമരുത്. 
 
തീ പിടിച്ച ഉടന്‍ തന്നെ സിലിന്‍ഡര്‍ പൊട്ടിത്തെറിക്കുമെന്ന ധാരണ തെറ്റാണ്. ചോര്‍ച്ചയുള്ള ഭാഗത്തായിരിക്കും തീ പടരുക. പ്രധാനമായും ഹോസ്, റെഗുലേറ്റര്‍ എന്നീ ഭാഗങ്ങളിലാണ് തീ പടരുന്നത്. തീ പടരുന്നത് ഉടനെ കണ്ടെത്താന്‍ സാധിച്ചാല്‍ സിലിന്‍ഡര്‍ പുറത്തേയ്ക്ക് മാറ്റുന്നതിനുള്ള സാവകാശം ലഭിക്കുമെന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറയുന്നത്. സിലിന്‍ഡറില്‍ നിന്നുള്ള ഹോസിലാണ് തീ പിടിക്കുന്നതെങ്കില്‍ റെഗുലേറ്റര്‍ നോബ് അടച്ച് ഗ്യാസ് ചോര്‍ച്ച ഒഴിവാക്കാന്‍ കഴിയും. പറ്റുമെങ്കില്‍ സിലിന്‍ഡര്‍ വീടിന് പുറത്തേക്ക് മാറ്റാനും ശ്രമിക്കണം. 
 
നനഞ്ഞ ടൗവല്‍ സിലിന്‍ഡറിന് മുകളിലുടെ ഇടുന്നതും തീ നിയന്ത്രിക്കാന്‍ സഹാ‍യിക്കും. എന്നാല്‍ തീ കത്തുന്ന ഭാഗത്തേക്ക് വെള്ളം ഒഴിക്കുന്നതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കില്ലെന്നതാണ് വസ്തുത. പല തരത്തിലുള്ള അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. വാതക ചോര്‍ച്ചകാരണമുള്ള തീപിടിത്തം നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. രാസ മിശ്രിതങ്ങളാണ് ഇവയില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ വാതക ചോര്‍ച്ച മൂ‍ലമുള്ള തീപ്പിടിത്തങ്ങള്‍ ഫലപ്രദമായി തടയാനും സാധിക്കും. 
Next Article