ബ്രഹ്മോത്സവം ഒമ്പത് ദിനം

Webdunia
FILEWD
തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവ ചടങ്ങുകള്‍ ഒമ്പത് ദിവസം നീളുന്നവയാണ്. ഉത്സവത്തിന് കൊടികയറി കഴിഞ്ഞാല്‍ ഒമ്പത് ദിവസവും ഭഗവാനെ വിവിധ വാഹനങ്ങളില്‍ എഴുന്നള്ളിക്കും. ധ്വജാരോഹണം, ഗരുഡ സേവ, സ്വര്‍ണ്ണ രഥം, രഥോത്സവം, ചക്രാസനം എന്നിവയാണ്‍് ഇവയില്‍ പ്രധാന പരിപാടികള്‍.

ഒന്നാം ദിവസം ധ്വജാരോഹണം: സെപ്തംബര്‍ 15 ന് ശ്രീവരി ആലയ ധ്വജ സ്തംഭത്തില്‍ കൊടികയറും. കറുത്ത ഗരുഡന്‍റെ ചിത്രമാണ് കൊടിയിലുള്ളത്. അന്ന് പെദ്ദ (വലിയ) ശേഷവാഹനത്തില്‍ ഭഗവാനെ പ്രധാന ക്ഷേത്രത്തിന്‍റെ ചുറ്റിലെ തെരുവുകളില്‍ എഴുന്നള്ളിക്കും. പത്ത് മണിക്ക് നടക്കുന്ന ഈ എഴുന്നള്ളത്ത് അര്‍ദ്ധരാത്രി കഴിഞ്ഞും തുടരും. തുടര്‍ന്നുള്ള രണ്ട് ദിവസം ശേഷവാഹനത്തിലാണ് എഴുന്നള്ളിപ്പ്.

രണ്ടാം ദിവസം - ചിന്ന ശേഷവാഹനം : രണ്ടാം ദിവസം വെങ്കിടാചലപതിയെ ചെറിയ ശേഷവാഹനത്തില്‍ എഴുന്നള്ളിക്കും. രാത്രി ദേവതകളെ ഊഞ്ഞാല്‍ സേവയ്ക്കായി ഉയല മണ്ഡപത്തിലെത്തിക്കും. ഇതിനു ശേഷം ഹംസ വാഹനത്തില്‍ എഴുന്നള്ളിപ്പ് നടക്കും. നന്‍‌മയേയും തിന്‍‌മയേയും തിരിച്ചറിയാനുള്ള അരയന്നത്തിന്‍റെ സിദ്ധിയെയാണ് ഇവിടെ പ്രതീകമാക്കുന്നത്.

മൂന്നാം ദിവസം സിംഹവാഹനം: ഈ ദിവസം ശക്തിയേയും തേജസ്സിനേയുമാണ് പ്രതീകമാക്കുന്നത്. രാവിലെ സിംഹവാഹനത്തില്‍ പ്രദക്ഷിണം. രാത്രി ബിംബങ്ങള്‍ മുടയാല പണ്ടിരി വാഹനത്തില്‍ എഴുന്നള്ളിക്കും. മുത്തു പതിച്ച ഈ വാഹനം ശുദ്ധതയുടേയും രാജകീയതയുടേയും പ്രതീകമാണ്.

നാലാം ദിവസം കല്‍പ്പവൃക്ഷ വാഹനം: നാലാം ദിവസം രാവിലെ കല്‍പ്പ വൃക്ഷ വാഹനത്ഥിലാണ് എഴുന്നള്ളിപ്പ്. എല്ലാം തരുന്ന വൃക്ഷമാണല്ലോ കല്‍പ്പവൃക്ഷം. രാത്രിയിലെ ഊഞ്ഞാല്‍ സേവയ്ക്ക് ശേഷം വിഗ്രഹങ്ങള്‍ സര്‍വ്വ ഭൂപാള വാഹനത്തില്‍ എഴുന്നള്ളിക്കും.

അഞ്ചാം ദിവസം ഗരുഡ വാഹനം : അഞ്ചാം ദിവസം ബ്രഹ്മോത്സവത്തിലെ പ്രത്യേകതയുള്ള ദിവസമാണ്. വിഷ്ണു മോഹിനി രൂപം എടുത്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഈ ദിവസത്തെ ആഘോഷങ്ങള്‍. ദേവന്മാര്‍ക്ക് അമൃത് നല്‍കാനായി വിഷ്ണു മോഹിനി രൂപം പൂണ്ടു എന്നാണ് കഥ.

രാത്രി ഊഞ്ഞാല്‍ സേവയ്ക്ക് ശേഷം ബാലാ‍ജിയെ ഗരുഡ വാഹനത്തില്‍ എഴുന്നള്ളിക്കുകയും മഹാകാന്തി സഹസ്രനരമാല കൊണ്ട് അലങ്കരിക്കുകയും ചെയ്യും. വിഷ്ണു സ്വയം ഗരുഡനായി മാറുമെന്ന് വിശ്വാസമുണ്ട്. പക്ഷി രാജാവായ ഗരുഡന്‍ വേദങ്ങളുടെ പ്രതീകമാണെന്നാണ് മറ്റൊരു വിശ്വാസം. ഈ ദിവസത്തെ പ്രദക്ഷിണവും ദര്‍ശനവും നടത്താന്‍ വളരെയേറെ ഭക്തജനങ്ങള്‍ ഇവിടെയെത്തുന്നു.

ആറാം ദിവസം ഗജവാഹനം : ഈ ദിവസം രാവിലെ ഹനുമദ് വാഹനത്തിലാണ് എഴുന്നള്ളിപ്പ്. ഹനുമാന്‍ സന്ദര്‍ശകനായാണ് എത്തുന്നത്. അന്ന് രാത്രി ഊഞ്ഞാല്‍ സേവയ്ക്ക് പകരം വസന്തോത്സവമാണ് നടക്കുക. അന്ന് സമ്പത്തിന്‍റെ പ്രതീകമായ ഗജവാഹനത്തിലാണ് എഴുന്നള്ളിപ്പ്. ഭാഗവതത്തിലെ ഗജേന്ദ്ര മോക്ഷം കഥയുമായും ഇതിനു ബന്ധമുണ്ട്.

ഏഴാം ദിവസം സൂര്യപ്രഭ വാഹനം : തിരുപ്പതി വെങ്കടാചലപതി സൂര്യരഥത്തിലാണ് ഈ ദിവസം എഴുന്നള്ളുക. സൂര്യന്‍ വിഷ്ണുവിന്‍റെ തന്നെ മറ്റൊരു രൂപമാണ്. ഹിന്ദു പുരാണമനുസരിച്ച് പ്രപഞ്ചത്തിന്‍റെ കേന്ദ്രം വിഷ്ണുവാണ്. രാത്രി ഊഞ്ഞാല്‍ സേവയ്ക്ക് ശേഷം ഭഗവാനെ ചന്ദ്രപ്രഭ വാഹനത്തിലാണ് എഴുന്നള്ളിക്കുക. ചന്ദ്രപ്രഭ വാഹനത്തിലെ എഴുന്നള്ളിപ്പ് കുളിരാര്‍ന്ന ഒരു അനുഭവമാണ്.

എട്ടാം ദിവസം രഥോത്സവം : ഈ ദിവസം ബാലാജി രഥത്തില്‍ സഞ്ചരിക്കുന്നു. ഈ പുണ്യ ദര്‍ശനം ഉണ്ടായവര്‍ക്ക് പുനര്‍ജന്‍‌മമില്ലെന്നാണ് പറയുന്നത്. ബാലാജിക്ക് മുമ്പിലായി കൃഷ്ണന്‍റെ തേരാളിയായ ദാരുകന്‍റെയും നാലു കുതിരകളുടെയും വിഗ്രഹങ്ങളും രഥത്തില്‍ വച്ചിരിക്കും. ഭക്തജനം ഗോവിന്ദ ഗോവിന്ദ വിളിയോടെ രഥം വലിച്ച് മുന്നോട്ട് നീങ്ങും. രാത്രി കരുത്തിന്‍റെ പ്രതീകമായ അശ്വവാഹനത്തിലാണ് എഴുന്നള്ളത്ത്.

ഒമ്പതാം ദിവസം ചക്രസ്നാന മഹോത്സവം : അവസാന ദിവസമായ ഒമ്പതാം നാള്‍ പല്ലകീ സേവയും ചക്രസ്നാന മഹോത്സവവും രാവിലെ നടക്കും. വൈകീട്ട് കൊടിയിറക്കമാണ്. വിഗ്രഹങ്ങളില്‍ എണ്ണയും മഞ്ഞളും ചേര്‍ത്തുള്ള അഭിഷേകം നടക്കും.