സ്പോർട്സ് പ്രേമികളുടെ മനംകവരാന്‍ കൂടുതൽ കരുത്തുമായി യമഹ ആർ15 !

ചൊവ്വ, 24 ജനുവരി 2017 (13:43 IST)
സ്പോര്‍ട്ടി ലുക്കും കരുത്തേറിയ എന്‍‌ജിനുമായി യമഹ ആർ15 വി3.0. ഈ ബൈക്കിനെ ഇന്തോനേഷ്യയിലാണ് നിലവില്‍ അവതരിപ്പിച്ചിട്ടുള്ളത്. യമഹ മോട്ടോജിപി റൈഡർമാരായ മാവെറിക് വിനേയിൽസ്, വാലന്റേനോ റോസി എന്നിവർ ചേർന്നാണ് യമഹ ആർ15 വി3.0 ബൈക്ക് പ്രകാശിപ്പിച്ചത്.   
 
പുതിയ എൽഇഡി ഹെഡ്‌ലാമ്പ്, ആർവണ്ണില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള എൽഇഡി ടെയിൽലാമ്പ്, നവീകരിച്ച എക്സോസ്റ്റ് എന്നിവയാണ് ഈ മൂന്നാം അവതാരത്തിന്റെ പ്രത്യേകതകൾ. നിലവിലുള്ള ആർ15 മോഡലുകളുടെ അതെ ഡെൽറ്റബോക്സ് ഫ്രെയിമിലുള്ളതായിരിക്കും ഈ ബൈക്ക്.
 
സ്പോർടി ലുക്ക് നൽകുന്ന അപ്സൈഡ് ഡൗൺ ഫോർക്കാണ് ഈ ബൈക്കിന്റെ മറ്റൊരു സവിശേഷത. കൂടാതെ സ്ലിപ്പർ ക്ലച്ചോടുകൂടിയ പുതുക്കിയ 155സിസി എൻജിനായിരിക്കും യമഹ ആർ15-ന്റെ നവീകരിച്ച പതിപ്പിന് കരുത്തേകുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 
 
19 മുതൽ 21ബിഎച്ച്പിയും 17 മുതല്‍ 19 എൻഎം ടോർക്കുമാണ് ഈ എന്‍‌ജിന്‍ ഉല്‍പ്പാദിപ്പിക്കുക. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാൻ നിലവിലെ മോഡലുകളിലുള്ള ആറ് സ്പീഡ് ഗിയർബോക്സ് തന്നെയായിരിക്കും ആർ15 പുത്തൻ പതിപ്പിലും ഉണ്ടായിരിക്കുകയെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. 
 
നിലവിലുള്ള വി2.0 മോഡലുകളിലേതുപോലെ മുന്നിൽ ഡ്യുവൽ പിസ്റ്റൺ കാലിപറുകളും പിന്നിൽ സിങ്കിൾ പിസ്റ്റണുമുള്ള ബ്രേക്കുകളായിരിക്കും ഈ വാഹനത്തിനുണ്ടാവുക. അതുപോലെ 17 ഇഞ്ച് അലോയ് വീലുകളാണ് ഈ ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. 
 
സുരക്ഷ ഉറപ്പാക്കാൻ എബിഎസ് ഫീച്ചറും ബൈക്കിലുണ്ടാകും. ബ്ലൂ,വൈറ്റ്, ഗ്രേ/വൈറ്റ് /റെഡ് എന്നീ കളർ കോംപിനേഷനിലായിരിക്കും ബൈക്ക് അവതരിക്കുക. കെടിഎം ആർസി200, ഹോണ്ട സിബിആർ150ആർ, ബജാജ്ആർഎസ്200 എന്നീ ബൈക്കുകളുമായായിരിക്കും ഈ ബൈക്കിന്റെ മത്സരം. 

വെബ്ദുനിയ വായിക്കുക