ബാലി കരാറില്‍ ഒപ്പിടില്ലെന്ന് ഇന്ത്യ; ഭീഷണിയുമായി അമേരിക്ക

ചൊവ്വ, 29 ജൂലൈ 2014 (13:35 IST)
ലോക വ്യാപാര സംഘടന കൊണ്ടുവന്ന രാജ്യങ്ങള്‍ തമ്മിലുള്ള കസ്റ്റംസ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്ന
വ്യാപാര സുഗമ കരാര്‍ ( ട്രേഡ് ഫെസിലിറ്റേഷന്‍ എഗ്രിമെന്റ്) ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനേ തുടങ്ങി പാസായില്ല. ഇതേ തുടര്‍ന്ന് ഇന്ത്യക്കെതിരെ വാണിജ്യ ഉപരോധത്തിന് മടിക്കില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം കല്പിക്കുന്നതെന്നും അതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നുമാണ് ഇന്ത്യന്‍ പ്രതിനിധി അഞ്ജലി പ്രസാദ് യോഹ്ഗത്തില്‍ പ്രഖ്യാപിച്ചത്.

2013 ല്‍ ബാലിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ ആദ്യം കരാറിനെ എതിര്‍ത്ത ഇന്ത്യന്‍ പ്രതിനിധി , പിന്നീട് 4 വര്‍ഷത്തിനകം ഭക്ഷ്യ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാനുള്ള സംവിധാനമുണ്ടാക്കും എന്ന ഒത്തുതീര്‍പ്പില്‍ വഴങ്ങിയിരുന്നു.

ഇതേ തുടര്‍ന്ന് ഇന്ത്യ വിദേശ സമ്മര്‍ദ്ദത്തിനു വഴങ്ങിയെന്ന ആരോപണവുമായി ബിജെപുയും ഇടതു പാര്‍ട്ടികളും രംഗത്ത് വന്നിരുന്നു. കരാറിലുള്ള , കാര്‍ഷിക ഉദ്പാദന മൂല്യത്തിന്റെ പത്തു ശതമാനത്തിലധികമാകരുത് കാര്‍ഷിക സബ്സിഡി എന്ന നിബന്ധനയാണ് ബിജെപി സര്‍ക്കാര്‍ ആശങ്കയോടെ കാണുന്നത്.

വികസ്വര രാഷ്ട്രങ്ങളുടെ നിര്‍ദ്ദേശങ്ങളും ആശങ്കകളും പരിഗണിച്ചുണ്ടാക്കുന്ന കരാറില്‍ മാത്രമേ ഒപ്പിടാനാകൂ എന്നുള്ള ശക്തമായ നിലപാടാണ് ഇപ്പോള്‍
ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ബ്രസീല്‍ അടക്കമുള്ള വികസ്വര രാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്.

കരാര്‍ പാസാകുന്നതിനായി ഇന്ത്യ അടക്കമുള്ള
വികസ്വര രാജ്യങ്ങളെ അടിയന്തിര ചര്‍ച്ചയ്ക്ക് ലോക വ്യാപാര സംഘടനയുടെ അദ്ധ്യക്ഷന്‍ ക്ഷണിച്ചിട്ടുണ്ട് .

വെബ്ദുനിയ വായിക്കുക