ഫോക്സ്​വാഗൻ ക്യാമ്പർ സുന്ദരനായി; രണ്ടാം വരവില്‍ തകര്‍ക്കും

ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (15:29 IST)
ഫോക്‍സ്‌വാഗന്‍ ക്യാമ്പറിനെക്കുറിച്ച് അറിയാത്തവരും കേള്‍ക്കാതവരുമായി വാഹനപ്രേമികളായ ആരും ഉണ്ടാകില്ല. ആരെയും കൊതിപ്പിക്കുന്ന രൂപഭംഗിയും ഫിനിഷിംഗും ഉത്തുച്ചേര്‍ന്ന് ഇവന്‍ വാഹനലോകത്തേക്ക് വീണ്ടും തിരിച്ചെത്തുകയാണ്. ഹിപ്പിവാന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ സുന്ദരന്‍ 2018അവസാനത്തോടെ നിരത്തിലിറങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.

1950-ൽ തുടങ്ങി 2013 വരെയുള്ള അറുപത്തി മൂന്നു വർഷം ലോകത്തെ വിവിധ രാജ്യങ്ങളുടെ ഇഷ്‌ടവാഹനമായിരുന്നു ഫോക്‍സ്‌വാഗന്‍ ക്യാബ് പഴയ തനിമയോടെയാണ് വീണ്ടും വരുന്നത്. കൊതിപ്പിക്കുന്ന രൂപഭംഗിയും ഫിനിഷിംഗും  കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം വാഹനത്തിന്റെ ഉള്ളിലെ സൌകര്യങ്ങളും രാജകീയമാക്കിയിരിക്കുകയാണ് ഫോക്‍സ്‌വാഗന്‍. എന്നാൽ‌ പുതിയ ഹിപ്പി വാനിന് ഇലക്ട്രിക്ക് ഹൃദയമായിരിക്കുമെന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍.

ഔഡി ആർ8 ഇ ട്രോണിൽ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക്ക് മോട്ടറുള്ള ഹിപ്പിവാനിൽ ഡീസൽ എഞ്ചിനുമുണ്ടാകുമെന്നാണ് അറിയുന്നത്. ക്യാമ്പർ, കോംമ്പി, മൈക്രോ ബസ്, ട്രാൻസ്പോർട്ടർ തുടങ്ങി നിരവധി പേരുകളിൽ അറിയപ്പെട്ടിരുന്ന ക്യാമ്പര്‍ കൂടുതല്‍ ശക്തനായിട്ടാകും തിരികെയെത്തുക. അതിനാല്‍ തന്നെ കരുത്തിന്റെ കാര്യത്തില്‍ ഒട്ടും കുറവുണ്ടാകില്ല എന്ന് വ്യക്തമാണ്. നേരത്തെ ഉണ്ടായിരുന്ന പല കുറവുകളും പരിഹരിച്ച് കൂടുതല്‍ മികച്ചതാക്കി നിരത്തിലെത്തിക്കാനാണ് കമ്പനി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം ലാസ് വേഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ വാഹനം പ്രദർശിപ്പിക്കുമെന്നും കമ്പനി വൃത്തങ്ങൾ പറയുന്നു.

വെബ്ദുനിയ വായിക്കുക