അപകടരഹിതമായ ഡ്രൈവിങ്ങ് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതൊന്നു വായിക്കൂ

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2016 (15:07 IST)
പൂര്‍ണ ആരോഗ്യസ്‌ഥിതി ഉണ്ടെങ്കില്‍ മാത്രമേ ഏതൊരു വ്യക്തിയും വാഹനം ഓടിക്കാവൂ. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഡ്രൈവിങ്ങ് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുകയുള്ളൂ. നമ്മുടെ സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുകയാണ്. ഓരോ ദിവസവും പന്ത്രണ്ട് പേരുടെയെങ്കിലും ജീവന്‍ പൊലിയുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
 
ഇത്തരത്തില്‍ നടക്കുന്ന 99 ശതമാനം അപകടങ്ങളുടേയും കാരണക്കാര്‍ മറ്റാരുമല്ല, ഡ്രൈവര്‍മാര്‍ തന്നെയാണ്‌. ഡ്രൈവര്‍മാരുടെ അനാരോഗ്യമാണ് റോഡുകളില്‍ നിത്യേന നിരപരാധികളുടെ രക്‌തം പുരളുന്നതിന്റെ പ്രാധനകാരണം. 'ഞാന്‍ ട്രാഫിക് നിയമം തെറ്റിക്കില്ലെ'ന്ന് ഓരോ ദിവസവും വാഹനമെടുക്കുതിനു മുമ്പ് ഓരോരുത്തരും ചിന്തിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. 
 
തിരക്കേറിയ റോഡിലൂടെ വാഹനം ഓടിക്കുന്ന വ്യക്‌തി എതിരെ വരുന്ന അഞ്ച് വാഹനങ്ങളെയെങ്കിലും ഒരു സെക്കറ്റില്‍ കണ്‍മുമ്പില്‍ കാണേണ്ടിവരാറുണ്ട്. മാത്രമല്ല, റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്, റോഡിന്റെ വശങ്ങള്‍, കാല്‍നട യാത്രകാര്‍, ഓടിക്കുന്ന വാഹനത്തിന്റെ മുന്‍പിലും പിന്‍പിലുമുള്ള വാഹനങ്ങള്‍ എന്നീ നിരവധി കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.
 
നമുക്ക് എതിരെ വരുന്ന വാഹനമോ അല്ലെങ്കില്‍ യാത്രക്കാരനോ ഏതു രീതിയിലാണ് പ്രവര്‍ത്തിക്കുകയെന്ന് മുന്‍കൂട്ടി മനസിലാക്കാനുള്ള കഴിവ്‌ ഏതൊരു ഡ്രൈവര്‍ക്കും ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമായ ഒരു കാര്യമാണ്. ഇക്കാര്യങ്ങളെല്ലാം ഒരു സെക്കന്റില്‍ സംഭവിക്കേണ്ട കാര്യങ്ങളാണ്. ഇക്കാരണത്താലാണ് ഡ്രൈവര്‍ക്ക്‌ ശാരീരികവും മാനസികവുമായ ആരോഗ്യം അത്യാവശ്യമാണെന്ന് പറയുന്നത്‌.
 
ഡ്രൈവിങ്ങ് സ്‌കൂളുകളിലെ പഠനരീതി കാര്യക്ഷമവും ശാസ്ത്രീയവുമാക്കണം. സിഗ്നല്‍ ലൈറ്റുകളുടെ അര്‍ത്ഥം, ട്രാഫിക് ബ്ലോക്കുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയൊന്നും പല ഡ്രൈവര്‍മാര്‍ക്കും അറിയില്ല. മറ്റു രാജ്യങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് പ്രാധാന്യം നല്‍കിയാണ് റോഡു നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇവിടെ അവരെ ആരും ഗൗനിക്കാറില്ല. ഇതും അപകട നിരക്കു വര്‍ദ്ധിക്കുന്നതിന് കാരണമാകാറുണ്ട്. 
 
മനുഷ്യന്റെ ശാരീരിക പ്രശ്‌നങ്ങളും ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഉറക്കകുറവ്‌, മരുന്ന്‌, രോഗാവസ്‌ഥ, ചില കാലാവസ്‌ഥ എന്നിവയെല്ലാം ശാരീരിക അനാരോഗ്യത്തിന്‌ കാരണമാകുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ വണ്ടിയോടിക്കുന്നത് മൂലം അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ കൂടുതലാണ്‌. അതുപോലെ ഹെല്‍മെറ്റും സീറ്റ്‌ബെല്‍റ്റും ധരിക്കേണ്ടത് യാത്രക്കാരുടെ സുരക്ഷയ്ക്കുവേണ്ടിയാണെ് ഓരോരുത്തരും മനസ്സിലാക്കണം.
 
വളരെയേറെ മാനസിക സമ്മര്‍ദം നേരിടേണ്ടി വരുന്ന ഒരു ജോലിയാണ് ഡ്രൈവിങ്ങ്‌. ഡ്രൈവര്‍ക്ക്‌ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനായി മറ്റുള്ള യാത്രക്കാര്‍ കൂടി ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. തന്റെ മുന്നില്‍ ആരും വണ്ടിയോടിക്കരുതെന്ന മനോഭാവം ഒരു ഡ്രൈവര്‍ക്കും ഉണ്ടാകരുത്. ഇത്തരം മത്സരബുദ്ധി ഒഴിവാക്കി ട്രാഫിക് നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം വാഹനം ഓടിക്കേണ്ടത്.
 
മദ്യവും പല തരത്തിലുള്ള ലഹരിവസ്‌തുക്കളും മൊബൈല്‍ ഫോണുകളും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. വാഹനം ഓടിക്കുന്ന വേളയില്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം പരമാവധി കുറക്കണം. മദ്യപിച്ച്‌ വാഹനമോടിക്കുന്നതും പല റോഡ്‌ അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇതിന്റെ ഉപയോഗം സ്വന്തം ആരോഗ്യത്തെ മാത്രമല്ല മറ്റു പല കുടുംബങ്ങളുടെയും ജീവിതവും നശിപ്പിക്കും.
 
വയറു നിറച്ച് ആഹാരം കഴിച്ച ശേഷമോ തീരെ ആഹാരം കഴിക്കാതെയോ വാഹനം ഓടിക്കരുത്. തുടര്‍ച്ചയായി നാലു മണിക്കൂറിലധികം ഡ്രൈവ്‌ ചെയ്തിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും പത്ത് മിനിറ്റ്‌ വിശ്രമിക്കേണ്ടതാണ്. യാത്രക്കിടെ ഇടക്കിടക്ക് വെള്ളം കുടിക്കുന്നത് ക്ഷീണം ഇല്ലാതാക്കും. മരുന്നുകഴിക്കുന്നവരാണെങ്കില്‍ കഴിച്ച് കഴിഞ്ഞ് ആറ്‌ മണിക്കൂറുകള്‍ക്കു ശേഷം മാത്രം വാഹനം ഓടിക്കുന്നതും നല്ലതാണ്.
 
രാത്രി പത്തു മണിക്കു ശേഷമുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്. അതുപോലെ യാത്രക്കിടെ ഡ്രൈവര്‍ ഉറങ്ങാതിരിക്കാനായി കൂടെ ഇരിക്കുന്ന വ്യക്‌തി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്‌. വാഹനം ഓടിക്കുന്ന വേളയില്‍ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ മറ്റുള്ളവരുടെ സഹായം തേടുക. കൂടാതെ ക്ഷമയോടെ മാത്രം വാഹനം ഓടിക്കാന്‍ ശ്രമിക്കുക.
Next Article