പഴയ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഇനി പ്രവർത്തിക്കില്ല; പുതിയ നീക്കവുമായി റിസർവ് ബാങ്ക് !

ബുധന്‍, 19 ഡിസം‌ബര്‍ 2018 (15:55 IST)
മാഗ്നറ്റിക് സ്ട്രിപ് മാത്രമുള്ള എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ഡിസംബർ 31 മുതൽ പ്രവർത്തനരഹിതമാകും. പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതോടെ മൂന്നു വർഷത്തിലധികം പഴക്കമുള്ളതും ചിപ്പുകൾ ഘടിപ്പിക്കാത്തതുമായ കാർഡുകൾ 2018ന് ശേഷം പ്രവർത്തിക്കില്ല.
 
എ ടി എം കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിനായി  ചിപ്പുകൾ ഘടിപ്പിക്കാത്ത കാർഡുകൾ മാറ്റി നൽകാൻ രജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്കുകൾ ഉപയോക്താക്കളുടെ പഴയ കാർഡുകൾക്ക് പകരം ചിപ്പ് ഘടിപ്പിച്ചിട്ടുള്ള പുതിയ കാർഡുകൾ നൽകുന്നുണ്ട്. 
 
ഉപയോക്താവിന്റെ അക്കൌണ്ട് വിശദാംശങ്ങൾ മൈക്രോ പ്രോസസർ ചിപ് കാർഡുകളിലാണ് പുതിയ ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ സൂക്ഷിക്കുക, ഇത് വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തുന്നത് തടയാൻ സാ‍ധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡിസംബർ 31ന് മുൻപായി പുതിയ കാർഡുകൾ ഉപയോക്താക്കൾ ആക്റ്റിവേറ്റ് ചെയ്യണമെന്നും ബാങ്കുകൾ നിർദേശം നൽകിയിട്ടുണ്ട്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍