ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ ആധിപത്യം ഉറപ്പിച്ച ഹീറോ ഇതാ വ്യത്യസ്ത ഗെറ്റപ്പുകളുമായി പുതിയ അവതാരത്തിനെ അവതരിപ്പിച്ചിരിക്കുന്നു. സ്‌പ്ലെന്‍ഡര്‍ പ്രൊ ക്ലാസിക് എന്ന ദീര്‍ഘദൂര ബൈക്ക് യാത്രക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ബൈക്കാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. തങ്ങളുടെ മുന്‍ സ്പ്ലെന്‍ഡര്‍ ബൈക്കുകളുടെ മാതൃകയില്‍ നിന്ന് പിന്നോക്കം നടക്കുകയും എന്നാല്‍ ബൈക്ക് പ്രേമികളെ ആകര്‍ഷിക്കുകയും ചെയ്യുന്ന രൂപകല്‍പ്പനയാണ് സ്‌പ്ലെന്‍ഡര്‍ പ്രോ ക്ലാസിക്കിനുള്ളത്.
ഒറ്റനോട്ടത്തില്‍ ബുള്ളറ്റ് ബൈക്കുകളുമായി സാമ്യം തോന്നുമെങ്കിലും ദീര്‍ഘദൂര യാത്രകള്‍ക്കായി ഈ മാറ്റം അനിവാര്യമായിരിന്നു. മുമ്പ് പുറത്തിറങ്ങിയ സ്‌പ്ലെന്‍ഡര്‍ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി വൃത്താകൃതിയിലുള്ള ഹെഡ് ലൈറ്റാണ് പുതിയ മോഡലില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ സീറ്റ്, ബാക് ലൈറ്റ്, ഇന്ധന ടാങ്ക് എന്നിവയുടെ രൂപത്തിലും അല്‍പ്പം സാഹസിക മാറ്റം ഉണ്ട്. 1935 എം എം നീളവും 720 എം എം വീതിയും സ്‌പ്ലെന്‍ഡര്‍ പ്രൊ ക്ലാസിക്കിനുണ്ട്. 1230 വീല്‍ ബേസുള്ള ബൈക്കിന് 180 എം എം ഗ്രൗണ്ട് ക്ലിറന്‍സുണ്ട്. 11 ലിറ്റര്‍ ഇന്ധന ടാങ്കാണ് പുതിയ സ്‌പ്ലെന്‍ഡറിനുള്ളത്.
4 സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിനുള്ളത്. 97.2 സി സി ഡിസ്‌പ്ലേസ്‌മെന്റും ബൈക്കിനുണ്ട്. 8,000 ആര്‍ പി എമ്മില്‍ 8.36 പി എസാണ് ബൈക്കിന്റെ പരമാവധി കരുത്ത്. മള്‍ട്ടിപ്പിള്‍ വെറ്റ് ക്ലെച്ചാണ് ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്നില്‍ ടെലികോപിക് ഹൈഡ്രോളിക് സസ്‌പെന്‍ഷനും പിന്നില്‍ അഞ്ച് പ്രാവശ്യം ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് ഷോക്ക് സസ്‌പെന്‍ഷനുമാണുള്ളത്. ലിറ്ററിന് 70 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹീറോയുടെ പുതിയ അവതാരത്തിനു പക്ഷെ 54,445 രൂപയാണ് ഡല്‍ഹിയിലെ ഓണ്‍ റോഡ് വില. മറ്റ് സ്ഥലങ്ങളില്‍ ഇത് എന്ന് എത്തുമെന്ന് വിവരങ്ങളില്ല. എന്നാല്‍ ഉടന്‍ തന്നെയുണ്ടാകുമെന്നാണ് കമ്പനി നല്‍കുന്ന സൂചനകള്‍.