സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണമേഖലയില്‍ ഇന്ത്യയില്‍ സ്വദേശി വിപ്ലവം. രാജ്യത്ത് ഉപയോഗിക്കുന്ന് സ്മാര്‍ട്ട് ഫോണുകളില്‍ നാലിലൊന്നും നിര്‍മ്മിക്കുന്നത് ഇവിടെത്തന്നെയെന്ന് കണക്കുകള്‍. വിപണി ഗവേഷകരായ സൈബർ മീഡിയ റിസർച്ച് നടത്തിയ പഠനത്തിലാണ് ഈ വിവരം ഉള്ളത്. ഏപ്രിൽ – ജൂൺ ത്രൈമാസത്തിൽ വിറ്റ ഫോണുകളിൽ 24.8% ഇന്ത്യൻ നിര്‍മ്മിതമായ ഫോണുകളാണ്.
ഈ സമയത്ത് 5.66 കോടി ഹാൻഡ്സെറ്റുകളാണ് രാജ്യത്ത് വിറ്റത്. ഇതിൽ 2.48 കോടി സ്മാർട് ഫോണുകളാണ് ഇന്ത്യന്‍ നിര്‍മ്മിതമായത്. തൊട്ടു മുൻപത്തെ മൂന്നു മാസം 20% ആയിരുന്നു ഇന്ത്യൻ ഹാൻഡ്സെറ്റുകളുടെ വിഹിതം. ‘മെയ്ക് ഇൻ ഇന്ത്യ’ പ്രചാരണത്തിന്റെ ഫലമാണ് ഇന്ത്യയിൽ ഉൽപാദനം വർധിക്കുന്നതെന്ന് ഏജൻസി വിലയിരുത്തുന്നു.
മുൻ നിരക്കാരായ സാംസങ്, മൈക്രോമാക്സ് എന്നിവയും സ്പൈസും ഇന്ത്യയിൽ ഹാൻഡ്സെറ്റുകൾ അസംബിൾ ചെയ്യുന്നുണ്ട്. ഷവോമി, മോട്ടറോള, ലെനോവോ എന്നിവ ഈയിടെ ഇവിടെ അസംബിൾ ചെയ്യുന്ന പദ്ധതിക്കു തുടക്കമിട്ടു. എച്ച്ടിസി, അസ്യൂസ്, ജിയോണീ തുടങ്ങിയവർ ഇന്ത്യയിൽ നിർമാണം ആരംഭിക്കാൻ ആലോചിക്കുന്നുമുണ്ട്.