70,353 കോടിയുടെ കമ്പനി, ഡിസ്‌നിയും ഇനി റിലയന്‍സിന്റെ ഭാഗം, മീഡിയയുടെ തലപ്പത്തേക്ക് നിത അംബാനി

അഭിറാം മനോഹർ

വ്യാഴം, 29 ഫെബ്രുവരി 2024 (19:51 IST)
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാധ്യമവിഭാഗമായ വയകോം 18ഉം വാള്‍ട് ഡിസ്‌നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസ് വിഭാഗമായ സ്റ്റാര്‍ ഇന്ത്യയും തമ്മിലുള്ള ലയനം പൂര്‍ത്തിയായി. 70,353 കോടിയുടെ ഡീലാണ് പൂര്‍ത്തിയായത്. കരാറിന്റെ ഭാഗമായി സ്റ്റാര്‍ ഇന്ത്യ വയകോം 18ല്‍ ലയിക്കും.
 
നിത അംബാനിയാകും സംയുക്തസംരംഭത്തിന്റെ ചെയര്‍പേഴ്‌സണ്‍. നേരത്തെ വാള്‍ട് ഡിസ്‌നിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദയ് ശങ്കറാണ് വൈസ് ചെയര്‍മാന്‍. നിലവില്‍ ഉദയ് ശങ്കറും വയകോം 18 ബോര്‍ഡ് അംഗമാണ്. സംയുക്ത സംരഭത്തില്‍ റിലയന്‍സിന് 63.16 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉണ്ടാവുക.ഡിസ്‌നിയ്ക്ക് 36.84 ശതമാനവും. റിലയന്‍സ് ആയിരിക്കും സംരഭത്തെ നിയന്ത്രിക്കുക.
 
റെഗുലേറ്ററി അടക്കമുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി 2024 അവസാനത്തോടെയോ 2025 ജനുവരിയിലോ സംയുക്ത സംരംഭം യാഥാര്‍ഥ്യമാകും. റിലയന്‍സ് 11,500 കോടി രൂപ പുതിയ സംരംഭത്തില്‍ നിക്ഷേപിക്കും. ലയനത്തോടെ വിനോദ ചാനലുകളായ സ്റ്റാര്‍ പ്ലസ്,സ്റ്റാര്‍ഗോള്‍ഡ്,വിവിധ പ്രാദേശിക ചാനലുകള്‍,സ്റ്റാര്‍ സ്‌പോര്‍ട്‌സ് എന്നിവയും ഡിസ്‌നി ഹോട്ട്സ്റ്റാറും സംയുക്ത സംരംഭത്തിന് കീഴിലാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍