ധന അവലോകന നയം നാളെ; പലിശ നിരക്കുകള്‍ കുറയ്ക്കാനിടയില്ല

തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (11:14 IST)
റിസര്‍വ് ബാങ്കിന്റെ ദ്വൈമാസ ധന അവലോകന നയം നാളെ പ്രഖ്യാപിക്കും. നാണയപ്പെരുപ്പ ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലാത്തതിനാല്‍ പലിശ നിരക്കുകള്‍ കുറയില്ലെന്നാണ് സൂചന. നാണയപ്പെരുപ്പം ഇപ്പോഴും 'ആശ്വാസ മേഖലയിലേക്ക് " താഴ്‌ന്നിട്ടില്ലാത്തതില്‍ റിപ്പോ, റിവേഴ്‌സ് റിപ്പോ, മാര്‍ജിനല്‍ സ്‌റ്റാന്‍‌ഡിംഗ് ഫെസിലിറ്റി (എംഎസ്എഫ് ), കരുതല്‍ ധന അനുപാതങ്ങളില്‍ റിസര്‍വ് ബാങ്ക് നാളെ മാറ്റം വരുത്തില്ലെന്നാണ് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

റിസര്‍വ് ബാങ്കില്‍ നിന്ന് ബാങ്കുകള്‍ വാങ്ങുന്ന വായ്‌പയുടെ പലിശയാണ് റിപ്പോ നിരക്ക്. റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്‌പയുടെ പലിശയാണ് റിവേഴ്സ് റിപ്പോ. നിലവില്‍ റിപ്പോ നിരക്ക് എട്ട് ശതമാനവും റിവേഴ്‌സ് റിപ്പോ ഏഴ് ശതമാനവും കരുതല്‍ ധന അനുപാതം നാല് ശതമാനവുമാണ്. ബാങ്കുകളില്‍ പണ ലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന അടിയന്തര വായ്‌പയായ എംഎസ്എഫ് നിലവില്‍ ഒമ്പത് ശതമാനമാണ്.

എന്നാല്‍, സാമ്പത്തിക മേഖലയ്‌ക്ക് താത്കാലിക ആശ്വാസം പകരാനായി സ്‌റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എല്‍ആര്‍) അര ശതമാനം കുറച്ചേക്കുമെന്നാണ് വിലയിരുത്തലുകള്‍. സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ ബാങ്കുകള്‍ നിര്‍ബന്ധമായും നിക്ഷേപിക്കേണ്ട തുകയുടെ അനുപാതമാണ് എസ്എല്‍ആര്‍.

എന്നാല്‍, ബാങ്കുകളില്‍ നിന്നുള്ള വായ്‌പയ്‌ക്ക് ഡിമാന്‍ഡ് കുറഞ്ഞ ഇക്കാലയളവില്‍ എസ്.എല്‍.ആര്‍ കുറയ്‌ക്കേണ്ട ആവശ്യം തന്നെയില്ലെന്നുള്ള വിലയിരുത്തലുമുണ്ട്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ഇത്തരത്തില്‍ ചിന്തിച്ചാല്‍, എസ്എല്‍ആര്‍ നിരക്കും കുറയ്‌ക്കാതെയാകും നാളെ ധന നയം പ്രഖ്യാപിക്കുക.


കഴിഞ്ഞ ജൂണ്‍ മൂന്നിനും ആഗസ്‌റ്റ് അഞ്ചിനും പ്രഖ്യാപിച്ച ധന നയത്തില്‍ റിസര്‍വ് ബാങ്ക് എസ്.എല്‍.ആര്‍ നിരക്ക് അര ശതമാനം വീതം കുറച്ചിരുന്നു. 40,000 കോടി രൂപ വീതമാണ് തുടര്‍ന്ന് ബാങ്കുകളില്‍ അധികമായി എത്തിയത്. നിലവില്‍ 22 ശതമാനമാണ് എസ്എല്‍ആര്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക