നിരത്തിലെ രാജകുമാരന്‍; റേഞ്ച് റോവർ ഇവോക്ക് പെട്രോൾ വേരിയന്റ് വിപണിയിലേക്ക് !

വെള്ളി, 13 ജനുവരി 2017 (10:37 IST)
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ലാന്റ് റോവർ പുതുതായി ഇന്ത്യയിലെത്തിച്ച റേഞ്ച് റോവർ ഇവോക്കിന്റെ പെട്രോൾ പതിപ്പിനെ അവതരിപ്പിച്ചു. ഡല്‍ഹിയിലെ ഷോറൂമില്‍ 53.20ലക്ഷം രൂപയ്ക്കാണ് ഈ വാഹനം വില്പനക്കെത്തിച്ചിരിക്കുന്നത്. www.findmeasuv.in എന്ന വെബ്സൈറ്റ് മുഖേന ഇന്ത്യയിലുള്ള ലാന്റ് റോവറിന്റെ 23 ഡീലർഷിപ്പുകളിൽ നിന്നും ഈ പുതിയ ഇവോക്കിനായുള്ള ബുക്കിംഗ് നടത്താന്‍ സാധിക്കുന്നതാണ്.
 
2.0ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ എൻജിനാണ് ഇവോക്ക് പെട്രോൾ വേരിയന്റിനു കരുത്തേകുന്നത്. 236.7ബിഎച്ച്പിയും 339എൻഎം ടോർക്കുമാണ് ഈ എൻജിന സൃഷ്ടിക്കുക. അതോടൊപ്പം ചക്രങ്ങളിലേക്ക് കരുത്തെത്തിക്കാന്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഈ എന്‍‌ജിനോടൊപ്പം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 217കിലോമീറ്ററാണ് ഈ വാഹനത്തിന്റെ ഉയർന്ന വേഗത. 
 
എസ്ഇ, എസ്ഇ ഡൈനാമിക്, പ്യുർ, എച്ച്എസ്ഇ ഡൈനാമിക്, എച്ച്എസ്ഇ എന്നിങ്ങനെയുള്ള അഞ്ച് വേരിയന്റുകളിലാണ് നിലവിൽ ഇവോക്ക് ഡീസൽ പതിപ്പ് ലഭ്യമാകുന്നത്. കരുത്തുറ്റ പെട്രോൾ എൻജിനിൽ കൂടി ഇവോക്കിനെ അവതരിപ്പിക്കുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയെന്ന ലക്ഷ്യമാണ് മുന്നിൽ കാണുന്നതെന്ന് ജാഗ്വർ ലാന്റ് റോവർ ഇന്ത്യൻ വിഭാഗം മേധാവി രോഹിത് സുരി അറിയിച്ചു.

വെബ്ദുനിയ വായിക്കുക