കാര്‍ഷിക കടാശ്വാസ നടപടികള്‍ പ്രയോജന രഹിതമെന്ന് രഘുറാം രാജന്‍

Webdunia
ഞായര്‍, 28 ഡിസം‌ബര്‍ 2014 (13:16 IST)
രാജ്യത്തെ സര്‍ക്കാരുകള്‍ കാ‍ര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനെതിരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജന്‍ രംഗത്ത്. കര്‍ഷകര്‍ക്ക് ആവശ്യത്തിനു വായ്പ ലഭ്യമാക്കുന്നതിന് കടാശ്വാസ പദ്ധതികള്‍ വിലങ്ങുതടിയാകുന്നതായാണ് അദ്ദേഹം ഇന്ത്യന്‍ ഇക്കണോമിക് അസോസിയേഷന്റെ വാര്‍ഷിക യോഗത്തില്‍ പറഞ്ഞത്.
 
''ചില സംസ്ഥാനങ്ങള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ കാര്‍ഷിക കടാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ട്. ഈ പദ്ധതികള്‍ എത്രത്തോളം ഫലപ്രദമാണ്? ഇവയൊക്കെ പ്രയോജന രഹിതമാണെന്നാണു പഠനങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. കാര്‍ഷിക വായ്പയുടെ ഒഴുക്കിന് ഇത്തരം പദ്ധതികള്‍ തടസ്സമാകുന്നു എന്നതാണു സത്യം- അദ്ദേഹം പറഞ്ഞു.  കര്‍ഷക ആത്മഹത്യകളെ കുറിച്ച് വിശദമായ പഠനം ആവശ്യമാണെന്നു രഘുറാം രാജന്‍ പറഞ്ഞു. വളരെ പ്രധാനപ്പെട്ടതും വികാരപരവുമായ വിഷയമാണിത്. സ്വാഭാവികമായ ബാങ്ക് വായ്പകളില്‍ നിന്നു കര്‍ഷകര്‍ ഇത്ര കടുത്ത കടക്കെണിയില്‍ എങ്ങനെ അകപ്പെടുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
കൃഷിക്കു നല്‍കുന്ന പണം ശരിയായ വിനിയോഗത്തിന്റെ അഭാവത്തില്‍ കടക്കെണിക്കു കാരണമാകുന്നുണ്ടോ അല്ലെങ്കില്‍ ഇതര നിക്ഷേപമായി വക മാറ്റപ്പെടുന്നുണ്ടോ എന്നു പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കാര്‍ഷിക സബ്സിഡികള്‍ കൃഷിക്ക് സഹായകരമാണോ എന്നു പരിശോധിക്കേണ്ട സമയം വൈകിയിരിക്കുന്നു. ബാങ്കുകള്‍ കുറഞ്ഞ ചെലവില്‍ കൃഷിക്കു പണം നല്‍കുന്നു എന്നതാണു കാര്‍ഷിക വായ്പയുടെ ഗുണവശം. ഇതു കൃഷിക്ക് ഉപയോഗപ്പെടുന്നുണ്ടോ എന്നു പരിശോധനയില്ലാത്തതാണ് അതിന്റെ ദോഷവശം അദ്ദേഹം പറഞ്ഞു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.