പുലിമുരുകനെ കടത്തിവെട്ടാൻ അവൻ വരുന്നു; ചിത്രം നൂറ് കോടി കടക്കുമെന്നതിൽ സംശയമില്ല

വെള്ളി, 21 ഒക്‌ടോബര്‍ 2016 (13:57 IST)
25 കോടി മുതൽ മുടക്കിൽ നിർമിച്ച മോഹൻലാൽ ചിത്രം പുലിമുരുകനെ കടത്തിവെട്ടാൻ മലയാളത്തിലെ എക്കാലത്തേയും ബിഗ് ബജറ്റ് ചിത്രവുമായി സംവിധായകൻ ജയരാജ് എത്തുന്നു. 
മുപ്പത്തിയഞ്ചു കോടിയാണ് ജയരാജന്റെ ചിത്രത്തിന്റെ മുതൽമുടക്ക്. വീരം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
 
നൂറ് കോടി ക്ലബിൽ എത്തുന്ന ആദ്യമലയാള സിനിമ അതാണ് വീരമെന്ന് സംവിധായകൻ ജയരാജ് പറഞ്ഞു. വീരത്തിന്റെ ഗ്രാഫിക്സിന് മാത്രമായി ചെലവിട്ടത് 20 കോടിയാണത്രെ. ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യംചെയ്തിരിക്കുന്നത് ഹോളിവുഡിലെ പ്രശസ്തനായ അലന്‍ പോപ്പിള്‍ടണ്‍. മോഹൻലാൽ മുമ്പ് അഭിനയിച്ച പല പടങ്ങളും ഫ്ലോപ് ആയിരുന്നു, പുലിമുരുകൻ ഇത്രവിജയമാകാൻ കാരണം ചിത്രത്തിന്റെ ടെക്നിക്കൽ ക്വാളിറ്റിയാണെന്ന് ജയരാജൻ പറയുന്നു.
 
നവരസങ്ങളുടെ പരമ്പരയില്‍ സ്നേഹം, ശാന്തം, കരുണം, അത്ഭുതം എന്നിവക്ക് ശേഷം ജയരാജ് ഒരുക്കുന്ന ചിത്രമാണ് വീരം. ഷേക്സ്പിയറിന്റെ നോവലുകളെ ആസ്പദമാക്കി തയ്യാറാക്കുന്ന മൂന്നാമത്തെ ചിത്രവും. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ തയ്യാറാക്കുന്ന വീരം ഈ വര്‍ഷം തന്നെ തമിഴിലും തെലുങ്കിലും പുറത്തിറങ്ങും.

വെബ്ദുനിയ വായിക്കുക