ഇന്ത്യൻ കമ്പനികൾക്ക് നികുതി ഇളവ്, മേക് ഇൻ ഇന്ത്യ പദ്ധതിക്ക് കൂടുതൽ ആനുകൂല്യങ്ങൾ, പ്രഖ്യാപനവുമായി ധനമന്ത്രി
പനാജി: ഇന്ത്യൻ കമ്പനികളുടെ കോർപ്പറേറ്റ് ടാക്സ് 22 ശതമാനമാക്കി ചുരുക്കി കേന്ദ്ര സർക്കാർ. സാമ്പത്തിക മേഖലയിൽ കൂടുതൽ ഇടപെടലുകൾ നടത്തുന്നതിന്റെ ഭാഗമായാണ് നടപടി. കമ്പനികൾ ഇനിമുതൽ സർചാർജുകൾ അടക്കം 25.17 ശതമാനം നികുതി അടച്ചാൽ മതിയാകും. നേരത്തെ ഇത് 30 ശതമാനമായിരുന്നു. ധനമന്ത്രി നിർമല സീതാരാമനാണ് നിർണായ ജിഎസ്‌ടി കൗൺസിലിന് മുൻപായി പ്രഖ്യപനം നടത്തിയത്.
നികുതിനിയമ ഭേതഗതിക്ക് ഓർഡിനൻസ് കൊണ്ടുവരും എന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. മെയ്‌ക് ഇൻ ഇന്ത്യ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ ഒന്നുമുതൽ ആരംഭികുന്ന കമ്പനികൾ 2023 വരെ 15 ശതമാനം നികുതി അടച്ചാൽ മതിയാകും. 2019 ജൂലൈ 5ന് മുൻപ് ഷെയർ ബൈബാക്ക് പ്രഖ്യാപനം നടത്തിയിട്ടുള്ള ലിസ്റ്റഡ് കമ്പനികൾക്ക് തിരികെ വാങ്ങുന്ന ഓഹരികൾക്ക് നികുതി അടക്കേണ്ടതില്ല.
ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയിൽ മികച്ച നേട്ടം രേഖപ്പെടുത്തി. സെൻസെക്സ് 1,600 പോയന്റും, നിഫ്റ്റി 450 പോയന്റുമാണ് ഉയർന്നത്. ഇന്ന് നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ പെട്രോൾ ഡീസൽ വാഹനങ്ങളുടെ നികുതിയിൽ കുറവ് വരുത്തിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്.