ജനപ്രിയ കോംപാക്ട് എസ്‌യുവി വെന്യുവിന്റെ പുതിയ പതിപ്പ് വിപണിയിലെത്തിച്ച് ഹ്യൂണ്ടായി. ക്ലച്ച് അമര്‍ത്താതെ ഗിയര്‍ മാറ്റാവുന്ന ഇന്റലിജെന്റ് മാനുവല്‍ ട്രാന്‍സ്മിഷനാണ് വെന്യുവിൽ ഒരുക്കിയിരിയ്ക്കുന്നത്. വിപണിയിൽ തന്നെ ആദ്യമായാണ് ഈ സാങ്കേതികവിദ്യ അവതരിപ്പിയ്ക്കുന്നത്. 1 ലീറ്റര്‍ ടി-ജിഡിഐ പെട്രോള്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പമായിരിക്കും ഐഎംടി എത്തുന്നത്.
ഇന്റെന്‍ഷന്‍ സെന്‍സര്‍, ഹൈഡ്രോളിക് ആക്ചുവേറ്റര്‍, ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവ അടങ്ങിയ ട്രാന്‍സ്മിഷന്‍ ഗിയര്‍ ഷിഫ്റ്റാണ് ഐഎംടി സാങ്കേതികതയിലുള്ളത്. ഡ്രൈവര്‍ ഗിയര്‍ മാറ്റാന്‍ തുടങ്ങുമ്പോള്‍തന്നെ സെന്‍സറുകള്‍ ക്ലച്ച് പ്രവര്‍ത്തിപ്പിക്കുന്നു. ഇതോടെ ഡ്രൈവിങ് കൂടുതൽ അനായാസമാകും എന്ന് ഹ്യൂണ്ടായ് പറയുന്നു. വെന്യു 1 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും സ്പോര്‍ട്ട് വേരിയന്റും കമ്പനി അവതരിപ്പിച്ചു.
എസ്‌എക്സ്, എസ്‌എക്സ് ഓ, എസ്‌എക്സ് പ്ലസ് എന്നീ വേരിയന്റുകളിലാണ് സ്പോര്‍ട്സ് വകഭേദം. 1 ലീറ്റര്‍ എസ്‌എക്സ് ഐഎംടി വകഭേദത്തിന് 9.9 ലക്ഷം രൂപയും എസ്‌എക്സ് ഓയ്ക്ക് 11.08 ലക്ഷം രൂപയുമാണ് വില. സ്പോര്‍ട്സ് ട്രിമ്മിലെ 1 ലീറ്റര്‍ എസ്‌എക്സ് ഐഎംടി വകഭേദത്തിന് 10.20 ലക്ഷം രൂപയും എസ്‌എക്സ് ഓയ്ക്ക് 11.20 ലക്ഷം രൂപയും നൽകണം. 1.0 ലീറ്റര്‍ എസ്‌എക്സ് പ്ലസിന് 11.58 ലക്ഷം രൂപയും 1.5 ലീറ്റര്‍ ഡീസല്‍ എസ്‌എക്സിന് 10.30 ലക്ഷം രൂപയും എസ്‌എക്സ് ഓയ്ക്ക് 11.52 ലക്ഷം രൂപയുമാണ് വില.