പോര്‍ഷെയുടെ പുതുതലമുറ ‘പനമേര’ ഇന്ത്യയിലെത്തി. പനമേര ടര്‍ബോ എക്‌സിക്യൂട്ടീവ്, പനമേര ടര്‍ബോ എന്നീ രണ്ട് വേരിയന്റുകളിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. മറ്റ് മോഡലുകളെ അപേക്ഷിച്ച് ഈ വാഹനത്തിന്റെ വീല്‍ബേസ് 150 എം എം കൂടുതലാണ്. പനമേര ടര്‍ബോയ്ക്ക് 1.93 കോടി രൂപയും പനമേര ടര്‍ബോ എക്‌സിക്യൂട്ടീവിന് 2.05 കോടി രൂപയുമാണ് മഹാരാഷ്ട്ര ഷോറൂമിലെ വില.
പുറംഭാഗത്തുള്ള മാറ്റങ്ങള്‍ക്ക് പുറമെ അകത്തും വലിയ തോതിലുള്ള പരിഷ്‌കാരങ്ങളും പുത്തന്‍ സാങ്കേതികവിദ്യകളും രൂപീകരിച്ചിട്ടുണ്ട്. പുതിയ നാലു ലീറ്റര്‍, ഇരട്ട ടര്‍ബോ വി എയ്റ്റ് പെട്രോള്‍ എന്‍ജിനാണു പുതുതലമുറ പനമേരയ്ക്ക് കരുത്തേകുന്നത്. പരമാവധി 550 ബി എച്ച് പി കരുത്തും 770 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്നത്. മുന്‍ മോഡലിലെ എന്‍ജിനെ അപേക്ഷിച്ച് 30 ബി എച്ച് പി കരുത്തും 70 എന്‍ എം ടോര്‍ക്കും അധികമാണിത്.
പോര്‍ഷെയുടെ പുതിയ എട്ടു സ്പീഡ് ഗീയര്‍ബോക്സ് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്‍. സ്‌പോര്‍ട്‌സ് റസ്‌പോണ്‍സ് ബട്ടനും ഓപ്ഷനല്‍ മോഡ് സ്വിച്ചും പ്രയോജനപ്പെടുത്തി കാറിലെ എന്‍ജിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താനാവുമെന്നും പോര്‍ഷെ അവകാശപ്പെടുന്നു. സ്റ്റീയറിങ് വീലില്‍ ഘടിപ്പിച്ച റോട്ടറി റിങ് വഴി സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ്, നോര്‍മല്‍, ഇന്‍ഡിവിജ്വല്‍ മോഡുകളിലൊന്നു തിരഞ്ഞെടുക്കാനാണ് അവസരം.