നെസ്ലെ ഇന്ത്യയിൽ വിൽക്കുന്ന ബേബി ഫുഡിൽ ഉയർന്ന അളവിൽ പഞ്ചസാരയുള്ളതായി റിപ്പോർട്ട്

അഭിറാം മനോഹർ

വ്യാഴം, 18 ഏപ്രില്‍ 2024 (18:41 IST)
പ്രമുഖ ബേബിഫുഡായ നെസ്ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെര്‍ലാക് അടക്കമുള്ളവയില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നതായി അന്വേഷണറിപ്പോര്‍ട്ട്. യുകെ,ജര്‍മനി,സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പഞ്ചസാരയില്ലാതെയാണ് നെസ്ലെ ഇത്തരം ഭക്ഷണപദാര്‍ഥങ്ങള്‍ വില്‍ക്കുന്നതെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് അന്വേഷണ ഏജന്‍സിയായ പബ്ലിക് ഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ഇന്ത്യയടക്കമുള്ള താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് കുഞ്ഞുങ്ങളുടെ ഭക്ഷ്യ ഉത്പന്നങ്ങളില്‍ നെസ്ലെ ഇത്തരത്തില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ത്ത് വിപണനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പാലിലും ധാന്യ ഉത്പന്നങ്ങളിലും പഞ്ചസാരയും തേനും ചേര്‍ക്കുന്നത് അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങള്‍ക്കും ഇടയാക്കുമെന്നും ഇത് തടയാന്‍ ലക്ഷ്യമിട്ടൂള്ള അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണ് നെസ്ലെ നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
കുഞ്ഞിന് ഒരുതവണ നല്‍കുന്ന ഭക്ഷണത്തില്‍ ശരാശരി മൂന്ന് ഗ്രാം പഞ്ചസാര ചേര്‍ക്കുന്നതായാണ് കണക്ക്. ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പഠനത്തിലും സമാനമായ തോതിലാണ് പഞ്ചസാരയുടെ അളവ്. ലോകത്തെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റായ ബ്രസീലിലും ഇന്ത്യയിലേതിന് സമാനമായി സെര്‍ലാക് ഉത്പന്നങ്ങളില്‍ മൂന്ന് ഗ്രാം പഞ്ചസാര ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍