ആലിബാബയ്‌ക്കെതിരെ പ്രമുഖ കമ്പനികള്‍ കോടതിയില്‍

Webdunia
തിങ്കള്‍, 18 മെയ് 2015 (10:50 IST)
ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ ഭീമനായ ആലിബാബയ്‌ക്കെതിരെ പ്രമുഖ കമ്പനികള്‍ കോടതിയെ സമീപിച്ചു. പ്രമുഖ കമ്പനികളായ ഗുച്ചി, വൈവ്‌സ് സെന്റ് ലോറെന്റ്, ഫ്രഞ്ച് കമ്പനിയായ കേറിംഗ് എസ്.എ എന്നിവയാണ് ആലിബാബയ്ക്കെതിരെ മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയത്. ബ്രാന്‍ഡഡ് കമ്പനികളുടെ പേരിലുള്ള വ്യാജ ഉത്‌പന്നങ്ങള്‍ ലോകമെമ്പാടും വിറ്റഴിക്കാന്‍ തട്ടിപ്പുകാര്‍ക്ക് ആലിബാബ സഹായം നല്‍കിയെന്നാണ് കമ്പനികളുടെ ആരോപണം.

വിപണിയില്‍ എഴുന്നൂറിലേറെ ഡോളര്‍ വിലമതിക്കുന്ന ഗുച്ചി ബാഗുകള്‍ വെറും രണ്ട് ഡോളറിനും അഞ്ച് ഡോളറിനും വില്‌പനയ്‌ക്കെത്തിയത് ഗുച്ചി അമേരിക്ക കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് വ്യാജ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ആലിബാബ കൂട്ടുനിന്നു എന്ന ആരോപണവുമായി ഗുച്ചി രംഗത്തെത്തിയത്. പരാതിക്കാരുടെ ആരോപണം വാസ്‌തവ വിരുദ്ധമാണെന്നും കോടതിയില്‍ സത്യം തെളിയുമെന്നും ആലിബാബ വക്‌താക്കള്‍ പറഞ്ഞു.