കൊച്ചി സ്മാര്‍ട് സിറ്റിയുടെ നിര്‍ണായക ഡയറക്‌ടര്‍ ബോര്‍ഡ് യോഗം ദുബായില്‍ തുടങ്ങി

Webdunia
ഞായര്‍, 17 ജനുവരി 2016 (13:34 IST)
കൊച്ചി സ്മാര്‍ട് സിറ്റിയുടെ നിര്‍ണായക ഡയറക്‌ടര്‍ ബോര്‍ഡ് യോഗം ദുബായില്‍ തുടങ്ങി. സംസ്ഥാന വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ദുബായ് ടീകോം സി ഇ ഒ ജാബിര്‍ ബിന്‍ ഹാഫീസ്, സ്മാര്‍ട്ട് സിറ്റി സി ഇ ഒ ഡോ. ബാജു ജോര്‍ജ്, പ്രത്യേക ക്ഷണിതാവായി വ്യവസായി എം എയൂസഫലി എന്നിവര്‍ സംബന്ധിക്കുന്നുണ്ട്.
 
എമിറേറ്റ് ടവേഴ്സ് ഓഫിസ് ടവറില്‍ ആണ് യോഗം നടക്കുന്നത്. 246 ഏക്കറില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ടം അന്തിമഘട്ടത്തിലാണ്. ആറര ലക്ഷം ചതുരശ്ര അടിയാണ് എസ് സി കെ - 01 എന്ന ആദ്യ ഐ ടി ടവറിന്റെ വിസ്തീര്‍ണം.
 
ഇത് തുറക്കുന്നതോടെ 5000 പേര്‍ക്കോളം തൊഴില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവിടത്തെ എല്ലാ ഓഫിസുകളും പാട്ടത്തിന് കൊടുത്തുകഴിഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് ചേരുന്ന യോഗത്തില്‍ ഉദ്ഘാടന തിയതി അടക്കമുള്ളവ തീരുമാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.