വാഹനം പൊളിക്കൽ പോളിസി: ഇന്ത്യയിൽ ഏറ്റവും പഴയ വാഹനങ്ങളുള്ളത് കർണാടകയിൽ, കേരളം നാലാമത്

Webdunia
തിങ്കള്‍, 2 ഓഗസ്റ്റ് 2021 (21:07 IST)
രാജ്യത്ത് നിരത്തിലോടുന്ന കാലപ്പഴക്കമേറിയ വാഹനങ്ങളുടെ കണക്കെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തി കർണാടക. 20 വർഷത്തിന് മുകളിൽ പഴക്കമുള്ള 39 ലക്ഷം വാഹനങ്ങളാണ് കർണാടകയിലുള്ളത്. ലോക്സഭയിൽ കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബേ നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.
 
20 വർഷത്തിലേറെ പഴക്കമുള്ള 36 ലക്ഷം വാഹങ്ങളുമായി ദില്ലിയാണ് രണ്ടാമതുള്ളത്.രാജ്യത്തെ മൊത്തം കണക്കെടുത്താൽ 20 വർഷത്തിലേറെ പഴക്കമുള്ള 2,14,25,295 വാഹനങ്ങളാണു നിരത്തുകളിലുള്ളത്. ഇതിൽ 39,48,120 വാഹനങ്ങള്‍ കർണാടകത്തിൽ ഉണ്ടെന്നാണു കണക്ക്. രണ്ടാം സ്ഥാനത്തുള്ള ദില്ലിയിൽ ഇത്തരത്തിലുള്ള 36,14,671 വാഹനങ്ങളുണ്ട്. 
 
ഇത്തരത്തിലുള്ള 20.67 ലക്ഷം വാഹനങ്ങളാണു കേരളത്തിലുള്ളത്. തമിഴ്‍നാട്ടിൽ ഇത്തരത്തിലുള്ള 15.99 ലക്ഷം വാഹനങ്ങളും പഞ്ചാബിൽ 15.32 ലക്ഷം വാഹനങ്ങളുമുണ്ട്.  കേന്ദ്രത്തിന്‍റെ വോളണ്ടറി വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി യാതാര്‍ത്ഥ്യത്തിലേക്ക് അടുക്കാനൊരുങ്ങുന്നതുമായി ബന്ധപ്പെട്ടാണ് പഴയ വാഹനങ്ങളുടെ കണക്കെടുപ്പ്. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് പോളിസി അനുസരിച്ചുള്ള ഉപയോഗപരിധി. 
 
കാലാവധി പൂർത്തിയായ  വാഹനങ്ങൾ ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കുകയും പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ പൊളിക്കുകയുമായിരിക്കും പുതിയ പോളിസി പ്രകാരം ചെയ്യുക.

അനുബന്ധ വാര്‍ത്തകള്‍

Next Article