പ്രവർത്തനം ആരംഭിച്ച് വെറും ഒരു മാസം കഴിഞ്ഞപ്പോഴേക്കും ലക്ഷകണക്കിന് വരിക്കാരെ സൃഷ്ടിച്ചിരിക്കുകയാണ് ജിയോ. സെപ്തംബർ അഞ്ചിനാണ് റിലയൻസ് ജിയോ മൊബൈൽ നെറ്റ്വർക്ക് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത്. ഒരു മാസം കഴിഞ്ഞപ്പോഴേക്കും കേരളത്തിലെ വരിക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.
രാജ്യത്തു മൊത്തം ആദ്യ ഒരു മാസം കൊണ്ട് 1.6 കോടി വരിക്കാരെ നേടിയെന്നു നേരത്തേ വെളിപ്പെടുത്തിയ കമ്പനി ഇതാദ്യമായാണ് കേരളത്തിലെ വരിക്കാരുടെ എണ്ണം പുറത്ത് വിടുന്നത്. 20 ലക്ഷം വരിക്കാർ എന്ന ലക്ഷ്യത്തിലേക്ക് ജിയോ ഉടൻ കടക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എക്കാലവും സൗജന്യ കോൾ എന്ന ഓഫറിനെ വെല്ലാൻ മറ്റു ടെലികോം കമ്പനികൾക്കു കാര്യമായി വിയർപ്പൊഴുക്കേണ്ടിവരും.
നിലവിൽ രാജ്യത്തു പ്രതിദിനം 6 ലക്ഷത്തിനും 11 ലക്ഷത്തിനുമിടയിൽ വരിക്കാർ പുതുതായി ചേരുന്നുണ്ടെന്നാണു കമ്പനി അവകാശപ്പെടുന്നത്.