ഇന്ത്യൻ നിർമിത ജീപ്പുമായി ഫിയറ്റ് ക്രൈസ്‌ലർ എത്തുന്നു. ജീപ്പ് ആരാധകരെ ആവേശത്തിലാഴ്ത്തി പുത്തൻ കോംപാക്ട് എസ് യു വിയായ ജീപ് കോംപസ് പുനെയ്ക്കടുത്ത് രഞ്ജൻഗാവിലുള്ള ശാലയില്‍ നിർമിക്കാന്‍ കമ്പനി പദ്ധതിയിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 16 ലക്ഷം രൂപയായിരിക്കും ജീപ് കോംപസിന്റെ പ്രാരംഭവിലയെന്നാണ് കമ്പനിയിൽ നിന്ന് ലഭ്യമാകുന്ന ഔദ്യോഗിക വിവരം.
ജീപ്പിന്റെ ചെറു എസ് യു വി റെനഗേഡിന്റെ പ്ലാറ്റ്ഫോമിലാണ് ഈ ജീപ്പ് കോംപസിന്റെ നിര്‍മാണം. എങ്കിലും റെനഗേഡിനെ അപേക്ഷിച്ച് വീൽബെയിസ് കൂടിയ വാഹനമായിരിക്കും ഈ കോംപസ് എന്നും സൂചനയുണ്ട്. 2 ലീറ്റർ ഡീസൽ എന്‍ജിന്‍, 1.4 ലീറ്റർ പെട്രോൾ എന്‍ജിന്‍ മോഡലുകൾ ഈ ജീപ്പ് കോംപസിനുണ്ടായേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വില 16 ലക്ഷത്തിലാണ് ആരംഭിക്കുന്നതെങ്കില്‍ ടാറ്റ ഹെക്സ, ടൊയോട്ട ഇന്നോവ, എക്‍സ് യു വി 500 എന്നീ പല ജനപ്രിയ ബജറ്റ് എസ് യു വികൾക്കും കോംപസ് ഭീഷണി ഉയര്‍ത്തിയേക്കും. അല്ലാത്ത പക്ഷം ഹ്യുണ്ടേയ് ‘ട്യുസോൺ’, ഹോണ്ട ‘സി ആർ — വി’, ടൊയോട്ട ‘ഫോർച്യൂണർ’, ബി എം ഡബ്ല്യു ‘എക്സ് വൺ’, ഫോഡ് ‘എൻഡേവർ’, ഔഡി ‘ക്യു ത്രീ’, ഷെവർലെ ‘ട്രെയ്ൽ ബ്ലേസർ’ എന്നിവയോടായിരിക്കും ജീപ്പിന്റെ മത്സരം.