ഹ്യുണ്ടായ് കാറുകള്‍ക്ക് വില കൂടുന്നു; ഓഗസ്റ്റ് 16 മുതല്‍ വില വര്‍ദ്ധന നിലവില്‍ വരും; 20, 000 രൂപ വരെ വര്‍ദ്ധിപ്പിക്കും; സാധാരണക്കാരന്റെ വാഹനസ്വപ്നങ്ങള്‍ക്ക് തിരിച്ചടി

Webdunia
ശനി, 6 ഓഗസ്റ്റ് 2016 (16:41 IST)
മാരുതിക്കു പിന്നാലെ ഹ്യുണ്ടായ് കാറുകള്‍ക്കും വില വര്‍ദ്ധിപ്പിക്കുന്നു. ഓഗസ്റ്റ് പതിനാറു മുതല്‍ വില വര്‍ദ്ധന നിലവില്‍ വരും. 3, 000 രൂപ മുതല്‍ 20, 000 രൂപ വരെയാണ് വില വര്‍ദ്ധിക്കുക. ഓഗസ്റ്റ് പതിനാറു മുതല്‍ വില വര്‍ദ്ധന നിലവില്‍ വരും. ഹ്യുണ്ടായിയുടെ മിക്ക മോഡലുകള്‍ക്കും വില വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി സുസുകി വിവിധ മോഡല്‍ കാറുകള്‍ക്ക് വില വര്‍ദ്ധിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് ഹ്യുണ്ടായിയും വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
 
അസംസ്കൃത വസ്തുക്കളുടെ വില കൂടിയതാണ് വില വര്‍ദ്ധനയ്ക്കുള്ള പ്രധാനകാരണങ്ങളിലൊന്ന്. കൂടാതെ, വിദേശനാണ്യ വിപണിയില്‍ രൂപയുടെ മൂല്യം കുറഞ്ഞതും വില വര്‍ദ്ധിപ്പിക്കാന്‍ കാരണമായെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച് എം ഐ എല്‍) സീനിയര്‍ വൈസ് പ്രസിഡന്റ് രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
 
മാരുതിയും ചില കാറുകള്‍ക്ക് 20,000 രൂപ വരെ വില വര്‍ദ്ധിപ്പിച്ചിരുന്നു. ബെലേനൊയുടെ വില 10,000 രൂപ വരെ കൂട്ടിയപ്പോള്‍ ബ്രെസ്സയുടെത് 20, 000 രൂപ വരെ വര്‍ദ്ധിപ്പിച്ചിരുന്നു. ചില മോഡലുകള്‍ക്ക് 1, 500 രൂപ മുതല്‍ 5, 000 രൂപ വരെയാണ് വര്‍ദ്ധന. മാരുതി സുസുകി ഇന്ത്യ വിവിധ മോഡല്‍ കാറുകള്‍ക്ക് വില വര്‍ദ്ധിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് ഹ്യുണ്ടായിയും വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
 
കാര്‍വില ഇങ്ങനെ ഒറ്റയടിക്ക് വര്‍ദ്ധിക്കുന്നത് വില്പനയെ തളര്‍ത്തും. വാഹനവായ്‌പയുടെ കനത്ത പലിശനിരക്ക്, പെട്രോള്‍, ഡീസല്‍ വിലകളുടെ വര്‍ദ്ധന മൊത്തത്തിലുള്ള സാമ്പത്തികപ്രതിസന്ധി എന്നീ ഘടകങ്ങള്‍ക്കെല്ലാമൊപ്പം വാഹനവിലയിലെ വര്‍ദ്ധന വാഹനവില്പനയ്ക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വില വര്‍ദ്ധിക്കുന്നത് വിപണിയെയും ബാധിക്കും. വാഹനം നേരത്തെ ബുക്ക് ചെയ്തിരുന്ന പല ഉപഭോക്താക്കളും ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യാന്‍ സാധ്യതയുണ്ട്. 
 
ജനപ്രിയ ബ്രാന്‍ഡ് ആണ് ഹ്യുണ്ടായ്. ഹ്യുണ്ടായിയുടെ ഐ 10, ഐ 20 എന്നീ കാറുകള്‍ ജനപ്രിയമായ മോഡലുകളാണ്. കൂടാതെ, സമീപകാലത്തെ ഹിറ്റായ മോഡലുകളില്‍ ഒന്നാണ് ക്രെറ്റ. മാരുതിയുടെ ബ്രസ്സയെ പോലും മാറ്റിനിര്‍ത്തി സാധാരണക്കാരന്‍ പോലും ക്രെറ്റയെ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹ്യുണ്ടായിയും വാഹനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ വാഹനസ്വപ്നങ്ങള്‍ക്ക് തിരിച്ചടി കൂടിയാണ് ഇത്. വില കുറച്ച് വിപണിയില്‍ കൈ കടത്താന്‍ കാത്തിരിക്കുന്ന മറ്റ് കമ്പനികള്‍ക്ക് ഹ്യുണായിയുടെയും മാരുതിയുടെയും നിലപാടുകള്‍ അവസരമൊരുക്കും.
Next Article