നിരത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ഹോണ്ടയുടെ ജനപ്രിയ സെഡാന്‍ സിറ്റി ഫെയ്സ് ലിഫ്റ്റ് വേർഷന്‍!

Webdunia
ബുധന്‍, 15 ഫെബ്രുവരി 2017 (10:23 IST)
ഹോണ്ടയുടെ ജനപ്രിയ സെഡാനായ സിറ്റിയുടെ ഏറ്റവും പുതിയ പതിപ്പ് വിപണിയിലെത്തി. അകത്തും പുറത്തുമായി ആകര്‍ഷകമായ മാറ്റങ്ങളുമായാണ് പുതിയ സെഡാന്‍ എത്തിയിരിക്കുന്നത്. 1998 ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ സിറ്റിയുടെ നാലാം തലമുറയുടെ ഫെയ്സ് ലിഫ്റ്റ് വേർഷനാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. 8.49 ലക്ഷം മുതൽ 13.56 ലക്ഷം രൂപ വരെയാണ് ഈ സെഡാന്റെ ഷോറൂം വില.
 
മുന്നിലേയും പിന്നിലേയും ബംബറുകളും ഗ്രില്ലുമാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. എല്ലാ വകഭേദങ്ങളിലും എൽഇഡി ഡേ ടൈം റണ്ണിങ് ലാംപുകൾ നല്‍കിയിട്ടുണ്ട്. എൽഇഡി ഫോഗ്‌ ലാംപ്, എൽഇഡി ഹെ‍ഡ്‌ ലാംപുകള്‍, 16 ഇ‍ഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, സുരക്ഷ മുന്‍‌നിര്‍ത്തി ആറ് എയർ‌ബാഗുകൾ എന്നീ സവിശേഷതകളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. 
 
ഹോണ്ടയുടെ കോംപാക്ട് സെ‍ഡാനായ അമേയ്സിലൂടെ അരങ്ങേറ്റം കുറിച്ച 1.5 ലീറ്റർ ഡീസൽ എൻജിനും 1.5 ലീറ്റർ പെട്രോൾ എൻജിനുമാണ് ഈ സെഡാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 100 പിഎസ് കരുത്തും 25.6 കിലോമീറ്റർ മൈലേജുമാണ് ഡീസൽ എൻജിൻ നല്‍കുക. അതേസമയം, 1.5 ലീറ്റർ‌ പെട്രോൾ എന്‍ജിൻ 119 പിഎസ് കരുത്ത് നൽകും. 
Next Article