പ്രൗഢ ഗാംഭീര്യത്തോടെ നിരത്തുകളില്‍ ചീറിപ്പായാന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് റോഡ് 750 !

Webdunia
തിങ്കള്‍, 20 മാര്‍ച്ച് 2017 (13:00 IST)
പ്രൗഢ ഗാംഭീര്യത്തോടെ നിരത്തുകളില്‍ പായുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ കുറഞ്ഞ വിലനിരക്കിലുള്ള വാഹനങ്ങളുമായി ഇന്ത്യയിലേക്കെത്തുന്നു. സ്ട്രീറ്റ് റോഡ് 750 എന്ന തകര്‍പ്പന്‍ മോഡലുമായാണ് വിപണിയില്‍ സാന്നിധ്യമറിയിക്കാന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ എത്തുന്നത്. മുന്‍മോഡലായ സ്ട്രീറ്റ് 750 യില്‍ നിന്നും 80000 രൂപയുടെ വിലവര്‍ധനവുമായാണ് സ്ട്രീറ്റ് റോഡ് 750 എത്തുന്നത്. 5.86 ലക്ഷം രൂപയാണ് ഈ ബൈക്കിന് ഡല്‍ഹി ഷോറൂമിലെ വില.
 
മറ്റുള്ള മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ വിപണിയ്ക്ക് ഒത്തരീതിയില്‍ ശ്രേണിയെ ക്രോഡീകരിക്കുകയാണ് സ്ട്രീറ്റ് റോഡ് 750 യിലൂടെ കമ്പനി ലക്ഷ്യമാക്കുന്നത്. ബൈക്കിന് കൂടുതല്‍ ആഗ്രസീവ് ഡ്രൈവിംഗ് പോസിഷന്‍ നല്‍കുന്നതിനു വേണ്ടി ഫ്‌ളാറ്റ്-ഡ്രാഗ് സ്റ്റൈല്‍ ഹാന്‍ഡില്‍ ബാര്‍ ഉള്‍പ്പെടുത്തി ആകെ മൊത്തം ഒരു സ്‌പോര്‍ട്ടി ലുക്കിലാണ് സ്ട്രീറ്റ് റോഡ് 750യെ കമ്പനി അവതരിച്ചിരിക്കുന്നത്. ഫോള്‍ഡബിള്‍ ബാര്‍ എന്‍ഡ് റിയര്‍ വ്യൂ മിററുകളും പുത്തന്‍ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 
ചാര്‍ക്കോള്‍ ഡെനിം, വിവിഡ് ബ്ലാക്ക്, ഒലിവ് ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് കളര്‍ പാറ്റേണുകളിലാണ് സ്ട്രീറ്റ് റോഡ് 750 ലഭ്യമാകുക. സ്ട്രീറ്റ് 750 യുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ സുരക്ഷിതത്വമാര്‍ന്ന സീറ്റിംഗ് ക്രമീകരണമാണ് സ്ട്രീറ്റ് റോഡ് 750 യ്ക്കുള്ളത്. കൂടുതല്‍ മികവാര്‍ന്ന കാഴ്ച നല്‍കുന്നതിനായി 765 mm ഉയരത്തില്‍ സീറ്റിനെ ഉയര്‍ത്തിയിട്ടുമുണ്ട്. 749 സിസി ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ ഒഎച്ച്‌സി, എട്ട് വാല്‍വ്‌സ്, 60 ഡിഗ്രി V-ട്വിന്‍ ഹൈ ഔട്ട്പുട്ട് റെവലൂഷന്‍ എക്‌സ് എഞ്ചിനാണ് സ്ട്രീറ്റ് റോഡ് 750യ്ക്ക് കരുത്തേകുന്നത്. 
 
സ്ട്രീറ്റ് 750 ഉല്‍പ്പദിപ്പിക്കുന്നതിനേക്കാള്‍ 11 ശതമാനം കൂടുതല്‍ കരുത്തും  5 ശതമാനം കൂടുതല്‍ ടോര്‍ക്കും സൃഷ്ടിക്കാന്‍ ഈ എന്‍‌ജിന് സാധിക്കും. ഫ്‌ളൂയിഡ് കപ്പാസിറ്റി വര്‍ധിപ്പിക്കുന്നതിനായി ട്വിന്‍ഷോക്ക് അബ്‌സോര്‍ബറില്‍ എക്‌സ്റ്റേണല്‍ റിസര്‍വോയിറിനെയും സ്ട്രീറ്റ് റോഡ് 750 യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 205 mm ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സിനോടൊപ്പം 17 ഇഞ്ചിന്റെ ഫ്രണ്ട്, റിയര്‍ അലോയ് വീലുകളും ചേരുമ്പോള്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് റോഡ് 750 യ്ക്ക് പുത്തന്‍ മുഖമാണ് ലഭിക്കു്ന്നത്. 
 
ഇരു ടയറുകളിലേക്കുമായി 300 mm ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഫ്രണ്ട് ഡിസ്കില്‍ ഡ്യൂവല്‍ പിസ്റ്റണ്‍ കാപിലറുകള്‍ നല്‍കിയതിലൂടെ ഈ മോഡലിന്റെ സ്‌പോര്‍ട്ടി ലുക്ക് വര്‍ധിപ്പിക്കുന്നു. പുത്തന്‍ സ്ട്രീറ്റ് റോഡ് 750 യിലൂടെ വിപണിയില്‍ കരുത്താര്‍ജ്ജിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍.  2017 മാര്‍ച്ച് 15 മുതലാണ് സ്ട്രീറ്റ് റോഡ് 750 യുടെ വില്‍പന ആരംഭിക്കുക. ഏപ്രില്‍ 21 മുതല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് റോഡ് 750 യുടെ ടെസ്റ്റ് റൈഡുകള്‍ നേടാന്‍ അവസരം ലഭിക്കും. 
Next Article