അടുത്ത പത്തുവർഷംകൊണ്ട് ഹരിത ഊർജ രംഗത്ത് 1.5 ലക്ഷം കോടി രൂപയുടെ (2,000 കോടി ഡോളർ) നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. പുനരുത്‌പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽ നിന്നുള്ള ഊർജോത്‌പാതനം, ഈ മേഖലയ്ക്ക് ആവശ്യമായ ഘടകങ്ങളുടെ നിർമാണം, വിതരണം, ഹൈഡ്രജൻ ഉത്‌പാദനം എന്നിവയിലാവും നിക്ഷേപം.
ലോകത്തിൽ ഏറ്റവും ചെലവുകുറഞ്ഞ വൈദ്യുതിയാണ് കമ്പനിയുടെ ലക്ഷ്യമെന്നും ജെ.പി. മോർഗൻ ഇന്ത്യ നിക്ഷേപക സമാഗമത്തിൽ അദാനി പറഞ്ഞു. ഗ്രീൻ ഹൈഡ്രജൻ ഉത്‌പാദനത്തിലേക്കും കമ്പനി കടക്കും. 2030-ഓടെ കമ്പനിയുടെ ഡേറ്റ സെന്ററുകളെല്ലാം ഹരിത ഊർജത്തിലാക്കും. 2025-ഓടെ അദാനി ഗ്രൂപ്പ് തുറമുഖങ്ങൾ കാർബൺ ന്യൂട്രലാക്കും. 2025 വരെ മൂലധന ചിലവിൽ 75 ശതമാനവും ഹരിത സാങ്കേതികവിദ്യയ്ക്കായിരിക്കും ചിലവാക്കുകയെന്നും അദാനി പറഞ്ഞു.