ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ഫിയറ്റിന്റെ പുതിയ അതിഥി; പുന്തോ ഇവോ പ്യുവര്‍ എഡിഷന്‍ !

വെള്ളി, 21 ഏപ്രില്‍ 2017 (11:19 IST)
ഫിയറ്റിന്റെ പുതിയ ഹാച്ച്ബാക്ക് പുന്തോ ഇവോ പ്യുവര്‍ എഡിഷന്‍ ഇന്ത്യ വിപണിയില്‍. ഫിയറ്റിന്റെ മുന്‍മോഡലായ പുന്തോ പ്യുവറിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനാണ് പുന്തോ ഇവോ പ്യുവര്‍. എക്‌സോട്ടിക്ക റെഡ്, മിനിമല്‍ ഗ്രെയ്, ഹിപ്‌ഹോപ് ബ്ലാക്, ബോസനോവ വൈറ്റ്, ബ്രോണ്‍സോ ടാന്‍, മഗ്നേഷ്യോ ഗ്രെയ് എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഈ മോഡല്‍ലിനെ ഡല്‍ഹി ഷോറൂമില്‍  4.92 ലക്ഷം രൂപ ആരംഭവിലയിലാണ് ഫിയറ്റ് അവതരിപ്പിച്ചിരിക്കുന്നത് 
 
ഫിയറ്റിന്റെ മുഖമുദ്രയായ റെയ്ന്‍ഡീര്‍ ഹെഡ്‌ലാമ്പുതന്നെയാണ് പുന്തോ ഇവോ പ്യുവറിലും നല്‍കിയിട്ടുള്ളത്. ഒപ്പം ഫോഗ് ലാമ്പിന് ചുറ്റും ഒരുക്കിയിട്ടുള്ള ക്രോം സജ്ജീകരണങ്ങളും പുത്തന്‍ മോഡലിന് ഒരു സ്‌പോര്‍ടി ലുക്ക് നല്‍കുന്നു. ബ്ലാക് തീം ഡോര്‍ ഹാന്‍ഡിലുകളും ഒആര്‍വിഎം ക്യാപുകളും വാഹനത്തെ ആകര്‍ഷകമാക്കുന്നു.  ഇതിന് പുറമെ ബി പില്ലറുകളിലും വീല്‍ ക്യാപുകളിലും സമാനമായ ബ്ലാക് തീം തന്നെയാണ് ഫിയറ്റ് പിന്തുടര്‍ന്നിരിക്കുന്നത്.  
 
1.2 ലിറ്റര്‍ ഫയര്‍ പെട്രോള്‍ എഞ്ചിനാണ് പുന്തോ ഇവോ പ്യുവറിന് കരുത്തേകുന്നത്. 67 ബി എച്ച് പി കരുത്തും, 96 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് പുത്തന്‍ പുന്തോ ഇവോ പ്യുവറില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. മൂന്ന് വര്‍ഷത്തെ വാറന്റി കാലാവധിയോട് കൂടിയാണ് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ഫിയറ്റ് പുന്തോ ഇവോ പ്യുവര്‍ ലഭ്യമാകുന്നത്.
 
ഇന്റീരിയറിലും ഫിയറ്റ് ഇത്തവണ ഒരല്‍പം കൂടി ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ഹൈഡ്രോളിക് പവര്‍ സ്റ്റീയറിംഗ്, പവര്‍ബാക്ക് എയര്‍കണ്ടീഷണിംഗ് എന്നിങ്ങനെയുള്ള ഇന്റീരിയര്‍ ഫീച്ചേഴ്‌സാണ് വാഹനത്തിലുള്ളത്. പുന്തോ ഇവോ പ്യുവറിന്റെ വരവോടെ ഫിയറ്റ് പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന് എഫ്‌സിഎ ഇന്ത്യ പ്രസിഡന്റ് കെവിന്‍ ഫ്‌ളിന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക