എയര്‍ ബാഗ്‌ തകരാര്‍; സിറ്റി, സിവിക്‌, ജാസ്‌ മോഡലുകള്‍ ഹോണ്ട തിരികെ വിളിക്കുന്നു

Webdunia
ശനി, 20 ഫെബ്രുവരി 2016 (10:52 IST)
ഹോണ്ടയുടെ പ്രമുഖ മോഡലുകളായ ജാസ്‌, സിറ്റി, സിവിക്‌ തുടങ്ങി 57,676 കാറുകള്‍ കമ്പനി തിരികെ വിളിക്കുന്നു. എയര്‍ ബാഗ്‌ തകരാറിനെ തുടര്‍ന്നാണ്‍ ഇത്. 2012-2013 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ഈ മോഡലുകളിലെ ഡ്രൈവറിന്റെ വശത്തെ എയര്‍ ബാഗിന്‌ തകരാറുണ്ടെന്നാണ്‌ കമ്പനി കണ്ടെത്തിയിരിക്കുന്നത്‌.

2012-13 സമയത്ത്‌ ഇറങ്ങിയ 49,572 സിറ്റി മോഡലുകളും തിരിച്ച്‌ വിളിക്കുന്നതില്‍ ഉള്‍പ്പെടുമെന്ന്‌ ഹോണ്ട ഇന്ത്യ അറിയിച്ചു.  കമ്പനിയുടെ സെഡാന്‍ മോഡല്‍ സിവിക്കിന്റെ 600 കാറുകളും പ്രീമിയം ഹാച്ച്‌ബാക്ക്‌ മോഡലായ ജാസിന്റെ 7,504 കാറുകളും ഹോണ്ട തിരിച്ച്‌ വിളിക്കും.

പ്രശ്‌നം സൗജന്യമായി പരിഹരിച്ച്‌ നല്‍കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഡീലര്‍ഷിപ്പുകളില്‍ എത്തി പ്രശ്‌നം പരിഹരിക്കാമെന്ന്‌ കമ്പനി വ്യക്‌തമാക്കി‌. ഇന്നുമുതലാണ് കാറുകള്‍ തിരിച്ചെടുക്കാന്‍ ആരംഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 2.24 ലക്ഷം ജാസ്‌, സിറ്റി, സി ആര്‍ വി എന്നീ മോഡലുകള്‍ തിരിച്ച്‌ വിളിക്കുന്നതായി കമ്പനി അറിയിച്ചിരുന്നു. എയര്‍ ബാഗിന്റെ തകരാര്‍ തന്നെയായിരുന്നു അന്നത്തെ തിരിച്ചു വിളിക്കലിനും കാരണം.