കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുന്നതിനാല്‍ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനിയായ എയര്‍സെല്‍ രംഗത്ത്. ഇക്കാര്യമുന്നയിച്ച് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
15,000 കോടിയുടെ കടബാധ്യതയുള്ള സാഹചര്യത്തിലാണ് എയര്‍സെല്‍ പുതിയ നീക്കം സജീവമാക്കിയത്. മലേഷ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാതൃ കമ്പനി മാക്‍സിസ് കൂടുതല്‍ പണമിറക്കാന്‍ മടി കാണിച്ചതോടെയാണ് എയര്‍സെല്‍ സാമ്പത്തിക തകര്‍ച്ച അഭിമുഖീകരിക്കാന്‍ തുടങ്ങിയത്.
കൂടുതല്‍ പണം മുടക്കി എയര്‍സെല്ലിനെ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന നിലപാടാണ് മാക്‍സിസ് ഇപ്പോള്‍ സ്വീകരിക്കുന്നത്.
മാക്‍സിസിന്റെ തീരുമാനം തിരിച്ചടിയായതോടെ വായ്പാ നല്‍കിയവരുമായി കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ധാരണയിലെത്താന്‍ എയര്‍സെല്‍ അധികൃതര്‍ ശ്രമിച്ചവരികയായിരുന്നു. എന്നാല്‍, ഈ നീക്കം ഫലവത്താകാത്ത പശ്ചാത്തലത്തിലാണ് കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കുന്നത്.