തെങ്ങുകയറ്റം കുറയുന്നു; വെളിച്ചെണ്ണവില കയറുന്നു

ശനി, 4 ഫെബ്രുവരി 2017 (13:46 IST)
വെളിച്ചെണ്ണ വില ഒരു മാസത്തിനിടയിൽ ക്വിന്റലിനു 3000 രൂപ വർധിച്ചു. 14,500 രൂപയാണ് ക്വിന്റലിന് ഇപ്പോൾ. ചില്ലറ വിൽപന വില ലീറ്ററിനു 130 – 142 രൂപയായിരുന്നതു 165 – 175 നിലവാരത്തിലേക്ക് ഉയർന്നു. അതേസമയം, തേങ്ങയുടെ ഉൽപാദനത്തിലെ ഇടിവു ഭീമമാകയാൽ കേരകർഷകർക്കു വിലക്കയറ്റത്തിന്റെ നേട്ടം പൂർണമായി ലഭിക്കുന്നുമില്ല. 
 
കൊപ്ര വിലയിലും ആനുപാതിക വർധനയുണ്ട്. ഒരു മാസത്തിനിടയിൽ വില ക്വിന്റലിന് 2300 രൂപ വർധിച്ചു. ഓരോ ദിവസവും വില കത്തിക്കയറുകയാണ്. ഏറ്റവും ഒടുവിലത്തെ വില 9800 രൂപയാണ്. പൊതിച്ച തേങ്ങയ്‌ക്കു വില കിലോഗ്രാമിന് 40 രൂപ പിന്നിട്ടിരിക്കുന്നു. 
 
വില വർധനയ്‌ക്കു കാരണം ഉൽപാദനത്തിലെ ഇടിവു മാത്രമല്ലെന്നാണു വ്യാപാരികൾ പറയുന്നത്. തമിഴ്‌നാട്ടിൽനിന്നു കേരളത്തിലേക്കെത്തുന്ന വെളിച്ചെണ്ണയുടെ അളവിൽ കുറവു വന്നിട്ടുമുണ്ട്. വെളിച്ചെണ്ണയുടെ കയറ്റുമതിയും ആഭ്യന്തര വിപണിയെ കുറച്ചൊക്കെ ബാധിച്ചിരിക്കാമെന്നു സംശയിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക