‘ശ്വാസകോശം സ്പോഞ്ചു പോലെ’യാണെന്ന് ചിലരെങ്കിലും മനസ്സിലാക്കി; രാജ്യത്ത് സിഗരറ്റ് വില്പന കുത്തനെ ഇടിഞ്ഞു

ചൊവ്വ, 28 ജൂണ്‍ 2016 (18:39 IST)
രാജ്യത്ത് സിഗരറ്റിന്റെ വില്പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. 2014 - 15 സാമ്പത്തിക വര്‍ഷത്തില്‍ വില്പനയില്‍ 8.2 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇത് തുടര്‍ച്ചയായി നാലാം വര്‍ഷമാണ് സിഗരറ്റ് വില്പനയില്‍ കുറവുണ്ടായിരിക്കുന്നത്. 2013-14 വര്‍ഷത്തില്‍ 4.9 ശതമാനമാണ് വില്പനയില്‍ കുറവുണ്ടായതെന്ന് ഡാറ്റ റിസര്‍ച്ച് സ്ഥാപനമായ യൂറോമോണിറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 
 
മുന്‍വര്‍ഷം 9590 കോടി സിഗരറ്റുകള്‍ വിറ്റുപോയ സ്ഥാനത്ത് 2014-15 വര്‍ഷത്തില്‍ ഇത് 8810 കോടിയായി കുറഞ്ഞു. ഉയര്‍ന്നുവരുന്ന ആരോഗ്യപ്രശ്നങ്ങള്‍, പുകയില ഉല്പന്നങ്ങളുടെ വില്പന കുറയ്ക്കുന്നതിന് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ തുടങ്ങിയവയാണ് വില്പനയെ ബാധിച്ചത്.
 
കൂടാതെ, സിഗരറ്റ് ആരോഗ്യത്തിന് ഹാനികരമാണെന്ന് വ്യക്തമാക്കുന്ന സിഗരറ്റ് പായ്ക്കറ്റിലെ ചിത്രവും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ബോധവത്കരണ പരിപാടികളും പുകയില ഉപയോഗം കുറയ്ക്കുന്നതില്‍ കാര്യമായ പങ്കു വഹിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ സിഗരറ്റ് കവറിന്റെ 85 ശതമാനം ഭാഗവും പുകയില ഉപയോഗത്തിനെതിരെയുള്ള മുന്നറിയിപ്പ് നല്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിരുന്നു.

വെബ്ദുനിയ വായിക്കുക