സേവന, വേതന വ്യവസ്ഥകൾ പുതുക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി ഇന്നും നാളെയും ബാങ്ക് പണിമുടക്ക്. ഇന്ന് രാവിലെ ആറ് മുതൽ ഒന്നാം തീയതി രാവിലെ ആറ് വരെ ബാങ്കിംഗ് സേവനങ്ങൾ ഒന്നും തന്നെ ലഭ്യമാകില്ല. 48 മണിക്കൂർ ആണ് പണിമുടക്ക്. പത്തു ലക്ഷത്തോളം ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കും.
സഹകരണ, ഗ്രാമീൺ ബാങ്കുകൾ ഒഴികെയുള്ള മുഴുവൻ ബാങ്കുകളിലെയും ജീവനക്കാർ പണിമുടക്കുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിന്ന്സ് അറിയിച്ചു. ഡപ്യൂട്ടി ജനറൽ മാനേജർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുള്ള ശാഖകളിൽ ബാങ്ക് തുറന്നേക്കാമെങ്കിലും സേവനങ്ങളൊന്നും ലഭ്യമാകില്ല.
എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ബെഫി, ഐഎൻബിഇഎഫ്, ഐഎൻബിഒസി, എൻഒബിഡബ്ല്യു, എൻഒബിഒ തുടങ്ങിയ ജീവനക്കാരുടെയും ഓഫിസർമാരുടെയും സംഘടനകൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. 48 മണിക്കൂർ പണിമുടക്കിനു മുന്നോടിയായി എല്ലാ എടിഎമ്മുകളിലും പണം നിറച്ചതായി ബാങ്കുകൾ വ്യക്തമാക്കി.