പലിശ നിരക്കിലെ കുറവ്; നേട്ടം നാട്ടുകാര്‍ക്ക് പങ്കുവയ്ക്കാതെ ബാങ്കുകള്‍

Webdunia
ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (09:03 IST)
അടിസ്ഥാന റിപ്പോ നിരക്കില്‍ പലതവണ കുറവ് വരുത്തിയിട്ടും രാജ്യത്തെ ബാങ്കുകള്‍ ഈ ആനുകൂല്യം പൊതുജനത്തിന് ലഭ്യമാക്കാത്തതില്‍ റിസര്‍വ് ബാങ്ക് കടുത്ത അതൃപ്തിയിലെന്ന് സൂചന. മൂന്ന് തവണയായി റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.75 ശതമാനം കുറവ് വരുത്തിയെങ്കിലും ഭൂരിഭാഗം ബാങ്കുകളും പലിശനിരക്കില്‍ നാമമാത്രമായ കുറവാണ് വരുത്തിയത്.

0.25-0.30 ബേസിസ് പോയന്റ്മാത്രമാണ് മറ്റ് ബാങ്കുകള്‍ ഇതുവരെ കുറവ് വരുത്തിയത്. 91 ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ 21 എണ്ണം മാത്രമാണ് അടിസ്ഥാന നിരക്കില്‍ കുറവ് വരുത്തിയത്. ആറ് സ്വകാര്യ മേഖലാ ബാങ്കുകളും 11 വിദേശ ബാങ്കുകളും റിസര്‍വ് ബാങ്ക് നിര്‍ദേശത്തോട് അനുകൂലമായി പ്രതികരിച്ചു. കൂട്ടത്തില്‍ ച്ച്ഡിഎഫ്‌സി മാത്രമാണ് താരതമ്യേന ഭേദപ്പെട്ട രീതിയില്‍ പലിശ കുറയ്ക്കാന്‍ തയ്യാറായത്. 0.35 ശതമാനം. എന്നാല്‍ ബാങ്കിന്റെ അടിസ്ഥാന പലിശ നിരക്ക്  9.35 ശതമാനമാണ്.

എസ്ബിഐ(9.70%), ഐസിഐസിഐ ബാങ്ക്(9.70%), ആക്‌സിസ് ബാങ്ക് (9.85%), ബാങ്ക് ഓഫ് ബറോഡ (9.90%), കാനാറ ബാങ്ക് (9.90%), വിജയ ബാങ്ക് (9.85%) എന്നിങ്ങനെയാണ് പലിശ നിരക്കുകള്‍. കിട്ടാക്കടം, ആകെ ഫണ്ട് ലഭ്യതയ്ക്കു വരുന്ന ചെലവ് എന്നിവ കണക്കാക്കിയാല്‍ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ കുറയ്ക്കാതെ വായ്പാ പലിശ കുറയ്ക്കാനാകില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.