170 ദിവസത്തിനുള്ളില്‍ 10 കോടി വരിക്കാരുമായി റിലയന്‍സ് ജിയോ

ചൊവ്വ, 21 ഫെബ്രുവരി 2017 (21:02 IST)
പ്രവര്‍ത്തനം ആരംഭിച്ച് ആറ്‌ മാസത്തിനുള്ളില്‍ (170 ദിവസം) വരിക്കാരുടെ എണ്ണത്തില്‍ 10 കോടി തികച്ച് റിലയന്‍സ് ജിയോ ഇന്‍ഫോകോം. ഫേസ്ബുക്ക്, വാട്സ് ആപ്, സ്കൈപ് തുടങ്ങിയ കമ്പനികളേക്കാള്‍ വേഗത്തില്‍ ഈ നേട്ടം കൈവരിച്ചാണ് ടെലികോം മേഖലയില്‍ ജിയോ റെക്കോര്‍ഡിട്ടത് എന്ന് റിലയന്‍സ് അവകാശപ്പെടുന്നു.
 
ഓരോ സെക്കന്‍റിലും ഏഴ് വരിക്കാരെ വീതം ചേര്‍ത്താണ് 170 ദിവസത്തിനുള്ളില്‍ 10 കോടി എന്ന ലക്‍ഷ്യത്തിലേക്ക് ജിയോ എത്തിച്ചേര്‍ന്നത്. രാജ്യത്തെ 4ജി സ്മാര്‍ട്ട് ഫോണുകളിലെ സിം സ്ലോട്ടുകളില്‍ ഭൂരിഭാഗവും ജിയോ സിം ഉപയോഗിക്കുന്നതിലേക്ക് എത്തിയത് കൂടാതെ 3ജി, 4ജി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ജിയോ ഫൈ എന്ന വൈഫൈ ഉപകരണത്തിന്‍റെ സഹായത്തോടെ 4 ജി ഡേറ്റാ, വോയിസ് സംവിധാനങ്ങള്‍ ലഭ്യമാക്കിയതും ജിയോയ്ക്ക് നേട്ടമായി.
 
മൊബൈല്‍ നമ്പരില്‍ മാറ്റമില്ലാതെ ജിയോ സിം ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം വന്നതോടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ജിയോ സേവനങ്ങളിലേക്ക് മാറിയത്.
 
2017 അവസാനത്തോടെ ഇന്ത്യയിലെ 99 ശതമാനം ജനങ്ങളിലേക്കും നെറ്റുവര്‍ക്ക് എത്തിക്കുകയാണ് ജിയോ ലക്‍ഷ്യമിടുന്നത്. 
 
റിലയന്‍സ് ജിയോ അണ്‍ലിമിറ്റഡ് ന്യൂ ഇയര്‍ ഓഫറാണ് ആദ്യത്തെ പത്തുകോടി വരിക്കാര്‍ക്ക് ജിയോ നല്‍കുന്ന പുതിയ ഓഫര്‍. ഇതുപ്രകാരം ജിയോ വരിക്കാര്‍ 99 രൂപ മെമ്പര്‍ഷിപ്പ് ഫീ അടച്ചാല്‍ ഇപ്പോള്‍ നിലവിലുള്ള ജിയോ ഓഫര്‍ 2017 ഏപ്രില്‍ മുതല്‍ 303 രൂപ മാസ വരിസംഖ്യയ്ക്ക് 2018 മാര്‍ച്ച് വരെ തുടരാം. ചുരുക്കത്തില്‍ 10 രൂപയ്ക്ക് ഒരു ദിവസം അണ്‍‌ലിമിറ്റഡ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. 

വെബ്ദുനിയ വായിക്കുക