‘ലൈറ്റ് കത്തിക്കിടക്കുന്നേ’ എന്ന് ഇനി വിളിച്ചുകൂവരുത്, ടൂവീലറിന് ഇനി എപ്പോഴും ഹെഡ് ലൈറ്റ് കത്തിത്തന്നെ!

Webdunia
വെള്ളി, 3 മാര്‍ച്ച് 2017 (20:45 IST)
വരുന്ന ഏപ്രില്‍ ഒന്നുമുതല്‍ ടൂവീലറില്‍ പോകുമ്പോള്‍ വഴിയാത്രക്കാര്‍ ‘ലൈറ്റ് കത്തിക്കിടക്കുന്നേ’ എന്ന് നിങ്ങളെ എപ്പോഴും ഓര്‍മ്മിപ്പിക്കും. നിങ്ങള്‍ ലൈറ്റ് ഓഫ് ആക്കാന്‍ ശ്രമിച്ചാലും നടക്കുകയുമില്ല. അതേ, ടൂവീലറില്‍ ഇനി എപ്പോഴും ഹെഡ് ലൈറ്റ് കത്തിത്തന്നെ കിടക്കും.
 
ബാറ്ററിയില്‍ നിന്ന് എഞ്ചിനിലേക്ക് ലൈറ്റിന്‍റെ കണക്ഷന്‍ മാറുകയാണ്. എഞ്ചിന്‍ സ്റ്റാര്‍ട്ടായാലുടന്‍ ഹെഡ്‌ലൈറ്റും ഓണാകും. ഹെഡ് ലൈറ്റിന് ഓണ്‍/ഓഫ് ബട്ടണ്‍ ഉണ്ടാവുകയുമില്ല. ലൈറ്റ് വെളിച്ചത്തിന്‍റെ തീവ്രത കുറയ്ക്കാനും ഇന്‍ഡിക്കേറ്ററിനും മാത്രമേ ഇനി സ്വിച്ച് ഉണ്ടാവുകയുള്ളൂ. 
 
കാറുകള്‍ക്ക് ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ ഉള്ളതുപോലെ തന്നെ ഇനിമുതല്‍ ടൂവീലറിന് ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓണ്‍ സിസ്റ്റമാണ് ഏപ്രില്‍ മുതല്‍ വരാന്‍ പോകുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ എല്ലാ ടൂവീലര്‍ കമ്പനികള്‍ക്കും അറിയിപ്പ് കഴിഞ്ഞ വര്‍ഷം തന്നെ നല്‍കിയിരുന്നതാണ്.
 
2003 മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ സംവിധാനം നിലവിലുണ്ട്. അപകടനിരക്ക് കുറയ്ക്കുക എന്നതുതന്നെയാണ് ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓണ്‍ സിസ്റ്റം കൊണ്ടുവരുന്നതിന് പ്രധാന കാരണം. 
 
പൊടിപടലമുള്ള പ്രദേശത്തുകൂടെ വണ്ടിയോടിക്കുമ്പോള്‍, മഞ്ഞുവീഴ്ചയുള്ളപ്പോള്‍, പുലര്‍ച്ചെയുള്ള ബൈക്ക് യാത്ര തുടങ്ങിയവയ്ക്കൊക്കെ ഈ സംവിധാനം സഹായകമാണ്. പകല്‍ സമയത്തും ഹെഡ് ലൈറ്റ് കത്തിക്കിടക്കുന്നതുകൊണ്ട് വണ്ടിയോടിക്കുന്നവര്‍ക്ക് എല്ലാം വ്യക്തമായി കാണാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും. 
 
ഇതുസംബന്ധിച്ച് രാജീവ് കൃഷ്ണ അയ്യര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ച അവയര്‍‌നെസ് വീഡിയോയാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ഈ സംവിധാനം നിലവില്‍ വരുമെന്നതിനാല്‍ ഹോണ്ട വാഹനങ്ങള്‍ മുന്‍‌കൂട്ടി തന്നെ ഈ സിസ്റ്റമുള്ള ടൂവീലറുകള്‍ പുറത്തിറക്കിക്കഴിഞ്ഞു. അത്തരമൊരു വാഹനത്തിലിരുന്നാണ് രാജീവ് ബോധവത്കരണം നടത്തുന്നത്.
Next Article