സര്‍ക്കാര്‍ വിദേശ വാണിജ്യനയം പ്രഖ്യാപിച്ചു

വെള്ളി, 27 ഫെബ്രുവരി 2009 (10:18 IST)
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല വിദേശ വാണിജ്യനയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 200 ബില്യണ്‍ ഡോളറിന്‍റെ കയറ്റുമതിയാണ് 2009-10 വര്‍ഷം സര്‍ക്കാര്‍ ലക്‍ഷ്യം വയ്ക്കുന്നത്. നടപ്പ് വര്‍ഷവും ഈ നിരക്കാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ആഗോള സാമ്പത്തിക മാന്ദ്യം കാരണം പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല.

മാന്ദ്യം ഏറ്റവും കൂടുതല്‍ ബാധിച്ച ലെതര്‍, ടെക്സ്റ്റൈല്‍ മേഖലയ്ക്ക് 325 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് വാണിജ്യമന്ത്രി കമല്‍നാഥ് അറിയിച്ചു. ഈ വര്‍ഷം 17,500 കോടി ഡോളറിന്‍റെ കയറ്റുമതിയാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ - സപ്തംബര്‍ കാലയളവില്‍ 30.9 ശതമാനം കയറ്റുമതി വളര്‍ച്ച മാത്രമാണ് നേടിയത്. നടപ്പ് വര്‍ഷം ജനുവരി വരെ രാജ്യത്ത് 144 ബില്യണ്‍ ഡോളറിന്‍റെ കയറ്റുമതിയാണ് ഉണ്ടായത്. ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ പ്രധാന വിപണിയായ യൂറോപ്പിലും അമേരിക്കയിലും മാന്ദ്യം ബാധിച്ചതാണ് കയറ്റുമതിക്ക് തിരിച്ചടിയായത്.

അതേസമയം ആഗോള പ്രതിസന്ധി രാജ്യം ഉടന്‍ തന്നെ തരണം ചെയ്യുമെന്ന് കമല്‍നാഥ് പ്രതീക്ഷ പ്രകടിപ്പിച്ചു.

വെബ്ദുനിയ വായിക്കുക