വെനസ്വേലയില്‍ എണ്ണപ്പാടത്തിനായി ഒഎന്‍‌ജിസി

ശനി, 30 ജനുവരി 2010 (14:39 IST)
ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ വെനസ്വേലയിലെ കറാബോബോയില്‍ എണ്ണപ്പാടത്തിനായുള്ള ശ്രമം തുടങ്ങി. എണ്ണപ്പാടം ഏറ്റെടുക്കുന്നതിനുള്ള ലേലത്തിനുള്ള അപേക്ഷ ഒഎന്‍‌ജിസി വിദേശ് സമര്‍പ്പിച്ചു കഴിഞ്ഞു. ഒഎന്‍ജിസിക്ക് പുറമെ ഓയില്‍ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയും എണ്ണപ്പാടത്തിനായുള്ള ലേലത്തില്‍ ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്നുണ്ട്.

സ്പെയിനിന്‍റെ റെപ്സോള്‍ വൈപി‌എഫ്, മലേഷ്യന്‍ എണ്ണക്കമ്പനി എന്നിവയും എണ്ണപ്പാടഠിനായി ശ്രമം നടത്തുന്നുണ്ട്. കറാബോബോ നോര്‍ട്ടെ 1 ആണ് ലേലത്തിന് വച്ചിട്ടുള്ളത്. ഇന്നലെയായിരുന്നു ലേലത്തില്‍ പങ്കെടുക്കേണ്ട അവസാന ദിവസം. ഫെബ്രുവരി പത്തിന് ലേലത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

കറോബോബോയിലെ മൂന്ന് ബ്ലോക്കുകളില്‍ ഒന്നില്‍ മാത്രമാണ് ഇപ്പോള്‍ ലേലം നടക്കുന്നത്. 30 ബില്യന്‍ ഡോളറാണ് ഓരോ ബ്ലോക്കിലും നിക്ഷേപം പ്രതീക്ഷിക്കുന്നത്. ലേലത്തില്‍ വിജയിക്കുന്ന കമ്പനി വെനസ്വേല സര്‍ക്കാരിന്‍റെ വെനസ്വേല എസ്എയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കേണ്ടത്. സര്‍ക്കാരിന് 60 ശതമാനം ഓഹരിയും ലേലത്തില്‍ വിജയിക്കുന്ന കമ്പനിക്ക് 40 ശതമാനം ഓഹരിയുമാണ് ഉണ്ടാകുക.

വെബ്ദുനിയ വായിക്കുക