വീട്ടിനുള്ളില്‍ വെളിച്ചമെത്തിക്കും സുതാര്യ സിമന്‍റ്

വ്യാഴം, 6 ജനുവരി 2011 (19:50 IST)
PRO
വീട്ടിനുള്ളിലേക്ക് വെളിച്ചം കടക്കാന്‍ ജനലുകളോ ഗ്ലാസോ ഇനി വേണമെന്നില്ല. പുറത്തെ വെളിച്ചം വീട്ടിനുള്ളിലേക്ക് എത്തിക്കുന്ന സുതാര്യമായ സിമന്‍റ് ഇറ്റലിക്കാര്‍ കണ്ടുപിടിച്ച് കഴിഞ്ഞു. ഇറ്റലിയിലെ സിമന്‍റ് നിര്‍മാണക്കമ്പനിയായ ഇറ്റാല്‍‌സിമെന്‍റി ഗ്രൂപ്പാണ് ഇ-ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ സുതാര്യ സിമന്‍റ് കണ്ടുപിടിച്ചിരിക്കുന്നത്. ഈ ഉല്‍‌പന്നം ഇപ്പോള്‍ പേറ്റന്‍റ് ലഭിക്കാനായി അധികൃതര്‍ക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണ്.

പുതിയൊരു തരം മിശ്രിതത്തില്‍ സവിശേഷ റെസിന്‍ ബോണ്ടുചെയ്താണ് ഈ സിമന്‍റ് ഉണ്ടാക്കുന്നത്. ഈ സിമന്‍റ് ഇതുവരെ ഒരൊറ്റ കെട്ടിടത്തില്‍ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. ചൈനയില്‍ ഷാങ്‌ഗായില്‍ 2010-ല്‍ നടന്ന എക്സ്പോയില്‍ ഇറ്റലി സര്‍ക്കാര്‍ ഉണ്ടാക്കിയ പവലിയണിലാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. വീട്ടിനുള്ളില്‍ വെളിച്ചത്തിനായി കറന്‍റ് ഉപയോഗിക്കുന്നത് ചുരുക്കി, വൈദ്യുതി ലാഭിക്കാന്‍ ഇ-ലൈറ്റ് സഹായിക്കും.

പവലിയന്‍ കെട്ടിടം 18 മീറ്റര്‍ ഉയരമുള്ളതാണ്. ഇതിന്‍റെ 40 ശതമാനവും ഇ-ലൈറ്റ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 189 ടണ്‍ ഇ-ലൈറ്റ് ഉപയോഗിച്ച് നിര്‍മിച്ച 3,774 സുതാര്യ പാനലുകളും ഭാഗിക സുതാര്യ പാനലുകളും പവലിയന് വേണ്ടി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സുതാര്യ പാനലുകള്‍ക്ക് 20 ശതമാനം സുതാര്യതയും ഭാഗിക സുഅതാര്യ പാനലുകള്‍ക്ക് 10 ശതമാനം സുതാര്യതയും ഉണ്ട്.

“പ്ലാസ്റ്റിക് റെസിന്‍ ഉപയോഗിച്ചാണ് ഇ-ലൈറ്റ് ഉണ്ടാക്കുന്നത്. സുതാര്യ സിമന്‍റ് ഉണ്ടാക്കാനുള്ള പരീക്ഷണങ്ങള്‍ക്കെല്ലാം ഉപയോഗിച്ച് കൊണ്ടിരുന്നത് ഒപ്റ്റിക്കല്‍ ഫൈബറാണ്. എന്നാല്‍ ഇങ്ങിനെയുണ്ടാക്കുന്ന സിമന്‍റിന് തൊട്ടാല്‍ പൊള്ളുന്ന വിലയായിരിക്കും. എന്നാല്‍ പ്ലാസ്റ്റിക് റെസിന്‍ ഉപയോഗിച്ച് ഞങ്ങള്‍ ഉണ്ടാക്കിയിരിക്കുന്ന സിമന്‍റിന് വില വളരെ കുറവായിരിക്കും. വെളിച്ചം പിടിച്ചെടുത്ത് വീട്ടിനുള്ളിലേക്ക് വിടാനുള്ള കഴിവും ഇ-ലൈറ്റിന് കൂടുതലായിരിക്കും” - ഇറ്റാല്‍‌സിമെന്‍റി ഗ്രൂപ്പിന്‍റെ ഇനൊവേഷന്‍ ഡയറക്‌ടര്‍ പറയുന്നു.

(ഫോട്ടോയ്ക്ക് കടപ്പാട്: ഇറ്റാല്‍‌സിമെന്‍റി ഗ്രൂപ്പ്)

വെബ്ദുനിയ വായിക്കുക