വണ്‍ മാന്‍ ഷോയുമായി എസ്.ബി.ഐ

തിങ്കള്‍, 28 ജനുവരി 2008 (10:00 IST)
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേവലം ഒരാളെ മാത്രം വച്ച് ശാഖ തുടങ്ങാന്‍ തയാറാവുന്നു.

തികച്ചും വണ്‍ മാന്‍ ഷോ ആവുന്ന ഈ സംരംഭത്തിലൂടെ നഗരങ്ങളില്‍ കൂടിവരുന്ന ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റുക വഴി കൂടുതല്‍ നിക്ഷേപം സമാഹരിക്കുക, ഉപഭോക്താക്കള്‍ക്ക് ധനപരമായ ഉപദേശങ്ങള്‍ നല്‍കുക എന്നിവ ഫലപ്രദമായി ചെയ്യാനാവും എന്നാണ് ബാങ്ക് കരുതുന്നത്.

ഉയര്‍ന്ന വരുമാനമുള്ള കൂടുതല്‍ ഉപയോക്താക്കളെ കൂടുതലായി ബാങ്ക് ഇടപാടുകളില്‍ ബന്ധപ്പെടുത്തുക എന്ന ലക്‍ഷ്യവും ഈ വണ്‍ മാന്‍ ഷോയിലൂടെ സാധിക്കാമെന്ന് ബാങ്ക് കരുതുന്നു.

തുടക്കത്തില്‍ രാജ്യത്തൊട്ടാകെ ആയിരം ശാഖകള്‍ ആരംഭിക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്. ഇത്തരം ശാഖകള്‍ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിലാവും ആരംഭിക്കുക. ഇതിലൂടെ കൂടുതല്‍ ആളുകളുടെ സൌകര്യാര്‍ഥം ബാങ്കിന് പ്രവര്‍ത്തിക്കാനാവും എന്ന് കരുതുന്നു.

ഇതിനൊപ്പം ബാങ്ക് സെയില്‍‌സ് ഔട്ട്‌ലെറ്റുകള്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതുകൂടാതെ ക്രെഡിറ്റ് കാര്‍ഡ്, റെമിറ്റന്‍സ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷ്വറന്‍സ് എന്നീ സേവനങ്ങള്‍ നല്‍കുന്നതിനായി ബാങ്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും.

ബാങ്കിന്‍റെ മറ്റൊരു തീരുമാനം കൂടുതല്‍ എ.റ്റി.എം കേന്ദ്രങ്ങള്‍ തുടങ്ങുക, ശാഖകളില്‍ കൂടുതല്‍ ചെക്ക് ഡ്രോപ്പ് ബോക്സുകള്‍, ഇന്‍റര്‍നെറ്റ് സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയും ഉള്‍പ്പെടുന്നു.

വെബ്ദുനിയ വായിക്കുക