റിലയന്‍സിന് 100 മില്യന്‍ ഡോളര്‍ വായ്‌പ

വെള്ളി, 10 ഓഗസ്റ്റ് 2007 (12:10 IST)
FILEFILE
ഇന്ത്യയിലെ വ്യവസായങ്ങളില്‍ അതിവേഗം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതും ഓഹരി വിപണിയില്‍ മുന്നിലുള്ളതുമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കാനഡയില്‍ നിന്ന് 100 മില്യന്‍ ഡോളറിന്‍റെ വായ്പ ലഭിക്കുന്നതായി റിപ്പോര്‍ട്ട്.

എക്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്‍റ് കാനഡയാണ് റിലയന്‍സിന് ഇത്രയും വലിയൊരു തുക വായ്‌പയായി നല്കുന്നത്. പത്ത് വര്‍ഷ കാലാവധിയാണ് വയ്‌പയ്ക്ക്.

അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യ പോലുള്ള മികച്ച കമ്പോളങ്ങളില്‍ കനേഡിയന്‍ വ്യാപാരം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശമാണ് ഇതിനു പിന്നിലെന്ന് കാനഡയിലെ കയറ്റുമതി രംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വായ്‌പ നല്‍കുന്ന സ്ഥാപനമായ ഇ.ഡി.സി യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും പ്രസിഡന്‍റുമായ എറിക് സീഗെല്‍ പറയുന്നു.

ഇപ്പോള്‍ തന്നെ കാനഡയിലെ നിരവധി കമ്പനികള്‍ക്ക് റിലയന്‍സ് ഇന്‍‌ഡസ്ട്രീസുമായി വ്യാപാര ബന്ധമുണ്ട്. ഈ ബന്ധം ഉപയോഗിച്ചു തന്നെയാണ് ഇന്ത്യയുമായും റിലയന്‍സ് ഇന്‍ഡസ്ട്രീസുമായും ഉള്ള വ്യാപാരം മെച്ചപ്പെടുത്താന്‍ ഇ.ഡി.സി തയാറായിരിക്കുന്നത്.

ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 2004 ല്‍ ന്യൂഡല്‍‌ഹിയില്‍ ഇ.ഡി.സി യുടെ ഒരു സ്ഥിരം പ്രതിനിധി കാര്യാലയം തുറന്നിട്ടുണ്ട്.

നിലവില്‍ കാനഡയിലെ കയറ്റുമതി ഇറക്കുമതി മേഖലയിലെ 48 ശതമാനം കമ്പനികളും ഇന്ത്യയുമായി ബന്ധമുള്ള വരാണ്.

2003 അവസാ‍നം ഇ.ഡി.സി നല്‍കിയ വായ്പ 267 മില്യന്‍ ഡോളറായിരുന്നെങ്കില്‍ 2006 അവസാനം അത് 730 മില്യന്‍ ഡോളറായി വര്‍ദ്ധിച്ചിട്ടുണ്ട്.

2007 അവസാനത്തോടെ മുംബൈയിലും ഇ.ഡി.സി യുടെ ഒരു സ്ഥിരം കാര്യാലയം സ്ഥാപിക്കാന്‍ തയാറായിരിക്കുകയാണ് ഇ.ഡി.സി.

മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഗ്രൂപ്പിന്‍റെ ഭാഗമാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്.

വെബ്ദുനിയ വായിക്കുക